സംസ്ഥാനത്ത് വീണ്ടും അവയവദാനം; ഏഴ് വയസുകാരന്‍ പുതുജീവനേകുന്നത് അഞ്ച് പേര്‍ക്ക്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; ഏഴ് വയസുകാരന്‍ പുതുജീവനേകുന്നത്  അഞ്ച് പേര്‍ക്ക്

തിരുവനന്തപുരം: പുതിയ ജീവിതം സ്വപ്‌നം കണ്ട് ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് പ്രതീക്ഷയുടെ പൊന്‍ വെളിച്ചവുമായി സംസ്ഥാനത്ത് വീണ്ടും അവയവ ദാനം. അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ മരിച്ച തിരുനെല്‍വേലി സ്വദേശിയായ ഏഴ് വയസുകാരന്‍ ലോകനേനി യാഷ് വാന്‍ ആണ് അഞ്ച് പേര്‍ക്ക് പുതുജീവനേകുന്നത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രിയാണ് കുട്ടിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അവയവ ദാനത്തിന് ബന്ധുക്കള്‍ സന്നദ്ധതയറിയിക്കുകയായിരുന്നു.

തിരുവനന്തപുരത്തു നിന്ന് കോഴിക്കോടേക്ക് റോഡ് മാര്‍ഗമാണ് അവയവങ്ങള്‍ എത്തിക്കുന്നത്. ഇതിനായി പൊലീസ് ഗ്രീന്‍ കോറിഡോര്‍ സജ്ജമാക്കി. രണ്ട് കിഡ്നി, കരള്‍, ഹൃദയവാല്‍വ്, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്യുന്നത്.

കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മറ്റൊന്ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിലേക്കുമാണ് നല്‍കുക. നേത്രപടലങ്ങള്‍ തിരുവനന്തപുരം റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി ആശുപത്രിയിലേക്കും ഹൃദയ വാല്‍വ് ശ്രീചിത്ര ആശുപത്രിയിലേക്കുമാണ് നല്‍കുന്നത്.

കോട്ടയം വിജയപുരം സ്വദേശിനിയായ നാല് വയസുകാരിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക സ്വീകരിക്കുന്നത്. കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ വൃക്ക സ്വീകരിക്കുന്നത് 17 വയസുള്ള കണ്ണൂര്‍ സ്വദേശിയാണ്.

സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ആംബുലന്‍സിടിച്ച് യാഷ് വാന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ജൂണ്‍ 26 നായിരുന്നു അപകടം. തുടര്‍ന്ന് തിരുനെല്‍വേലിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.