ചിക്കാഗോ: ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സിറോ മലബാർ രൂപതയായ ചിക്കാഗോ സെൻ്റ് തോമസ് രൂപതയുടെ ഒരു വർഷം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് നാല് ദിവസത്തെ മഹാകൺവൻഷന് നാളെ (വ്യാഴം) തിരിതെളിയും. ചിക്കാഗോ മക്കോർമിക് പ്ലേസ് കൺവൻഷൻ സെൻ്ററിലാണ് സമ്മേളനം നടക്കുന്നത്.
ജൂലൈ ഒമ്പത് വ്യാഴാഴ്ച വൈകിട്ട് 3.30-ന് മാർ ജേക്കബ് അങ്ങാടിയത്തിന്റെ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ കൺവൻഷൻ ആരംഭിക്കും. സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 3,500-ഓളം പ്രതിനിധികൾ കൺവൻഷനിൽ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഭാ നേതാക്കളും ചടങ്ങിൽ സാന്നിധ്യമറിയിക്കും. രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ഇതോടൊപ്പം ആഘോഷിക്കുന്നുണ്ട്.
കൺവൻഷന്റെ ഭാഗമായി വിപുലമായ കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. ജൂലൈ ഒമ്പതിന് പത്മശ്രീ ജയറാം, സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി എന്നിവർ നയിക്കുന്ന താള വിസ്മയം അരങ്ങേറും. കൂടാതെ മെഗാ മാർഗം കളി, ഡാൻസ് മത്സരങ്ങൾ, പാരിഷ് ഫെസ്റ്റ്, യുവാക്കൾക്കായി ലീഡർഷിപ്പ് പ്രോഗ്രാമുകൾ തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്. കൺവൻഷൻ സെൻ്ററിൽ പൗരാണിക ജറൂസലേമിനെ പുനരാവിഷ്കരിക്കുന്ന ദൃശ്യവിരുന്ന് പ്രതിനിധികൾക്ക് വ്യത്യസ്തമായൊരനുഭവമായിരിക്കും.
2001 മാർച്ച് 13 ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയാൽ സ്ഥാപിതമായ ചിക്കാഗോ രൂപത ഇരുപത്തിയഞ്ച് വർഷം കൊണ്ട് വലിയ വളർച്ചയാണ് കൈവരിച്ചത്. നിലവിൽ 14 ഫൊറോനകളിലായി 54 ഇടവകകളും 33 മിഷൻ സെൻ്ററുകളും രൂപതയ്ക്കുണ്ട്. 70,000-ഓളം വിശ്വാസികളും എഴുപതിലേറെ വൈദികരും രൂപതയുടെ ഭാഗമാണ്. 12,000-ൽ ഏറെ കുട്ടികൾ ഇവിടെ വിശ്വാസ പരിശീലനം നേടുന്നു.
നാല് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ സംഗമം വിശ്വാസികൾക്ക് ആത്മീയ വളർച്ചയ്ക്കും സൗഹൃദങ്ങൾ പുതുക്കുന്നതിനും വലിയൊരു വേദിയായിരിക്കുമെന്ന് കൺവൻഷൻ ഭാരവാഹികൾ അറിയിച്ചു.