ഗുവാങ്‌സി: ദക്ഷിണ ചൈനയിലെ ഗുവാങ്‌സി പ്രവിശ്യയില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രളയത്തിലും പാമ്പ് വളര്‍ത്തല്‍ കേന്ദ്രം തകര്‍ന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഫാം തകര്‍ന്നതോടെ മൂര്‍ഖനും അണലിയും അടക്കം തൊള്ളായിരത്തിലധികം വിഷപ്പാമ്പുകളാണ് പ്രദേശത്തെ വെള്ളക്കെട്ടുകളിലേക്ക് ഒഴുകിയെത്തിയത്. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.
സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ കനത്ത ഭീതിയിലാണ്. ഇതിനോടകം തന്നെ വെള്ളക്കെട്ടുള്ള മേഖലയില്‍ പാമ്പുകടിയേറ്റ ഒരു സ്ത്രീ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ഹെങ്‌സൂ നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് നിലനിന്നിരുന്നതിനാല്‍ വിഷബാധയേറ്റ സ്ത്രീയെ കൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ സാധിക്കാത്തതാണ് മരണത്തിന് കാരണമായത്.
പ്രദേശത്തെ വെള്ളക്കെട്ടുകളില്‍ പാമ്പുകള്‍ കൂട്ടത്തോടെ നീന്തിനടക്കുന്നതിന്റെയും ആളുകള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിലര്‍ സാഹസികമായി പാമ്പുകളെ പിടികൂടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഫാമിന് ചുറ്റുമുള്ള വെള്ളക്കെട്ടില്‍ തന്നെ പാമ്പുകള്‍ തങ്ങി നില്‍ക്കാന്‍ സാധ്യത കൂടുതലായതിനാല്‍ പ്രദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗുവാങ്‌സിയില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായി പാമ്പുകളെ വന്‍തോതില്‍ വളര്‍ത്തുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. ഇത്തരത്തിലൊരു പ്രമുഖ കേന്ദ്രമാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. തെരുവിലിറങ്ങിയ വിഷപ്പാമ്പുകളെ മുഴുവന്‍ എത്രയും വേഗം പിടികൂടാനായി പത്തംഗങ്ങള്‍ വീതമുള്ള പ്രത്യേക ദൗത്യ സംഘങ്ങളെ അധികൃതര്‍ രംഗത്തിറക്കിയിട്ടുണ്ട്. കൂടാതെ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് പെട്ടെന്ന് ചികിത്സ ഉറപ്പാക്കുന്നതിനുമായി പ്രത്യേക വൈദ്യസഹായ കേന്ദ്രങ്ങളും മേഖലയില്‍ സജ്ജമാക്കിയിട്ടുണ്ട്.