'ട്രംപിനെ വധിക്കാന്‍ ഇറാന്റെ നീക്കം'; അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍

'ട്രംപിനെ വധിക്കാന്‍ ഇറാന്റെ നീക്കം'; അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന രഹസ്യ വിവരം ഇസ്രയേല്‍ അമേരിക്കയ്ക്ക് കൈമാറി. അന്താരാഷ്ട്ര മാധ്യമങ്ങളായ വാള്‍സ്ട്രീറ്റ് ജേണലും സിഎന്‍എനും ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ട്രംപിനെ വധിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഇറാന്‍ ആരായുന്നത് സംബന്ധിച്ച് കഴിഞ്ഞ കുറച്ച് ആഴ്ചകളായി യുഎസിന് വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ ഇസ്രയേലില്‍ നിന്നുള്ള മുന്നറിയിപ്പ് പുതിയതും ഒരു പ്രത്യേക ഗൂഢാലോചനയെക്കുറിച്ചുള്ളതുമാണെന്ന് യുഎസ് വൃത്തങ്ങള്‍ അറിയിച്ചു.

കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ശവസംസ്‌കാര ചടങ്ങിനിടെ ഇങ്ങളുടെ ഇമാമിനെ ഇല്ലാതാക്കിയ ട്രംപിന് ജീവിച്ചിരിക്കാന്‍ അവകാശമില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി പറഞ്ഞിരുന്നു.

എന്നാല്‍ ഇറാനെതിരായ അമേരിക്കന്‍ സൈനിക നടപടികള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ട്രംപിനെ സ്വാധീനിക്കാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗം കൂടിയായിരിക്കാം ഇസ്രയേലിന്റെ റിപ്പോര്‍ട്ടെന്ന് ചില യുഎസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചതായി സിഎന്‍എന്റെ റിപ്പോര്‍ട്ടിലുണ്ട്.

ഇറാന്‍ തന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നുവെന്നും അവരുടെ ഒന്നാം നമ്പര്‍ ലക്ഷ്യം താനാണെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇസ്രയേലി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വാള്‍ സ്ട്രീറ്റ് ജേണല്‍ വൈറ്റ് ഹൗസിനോട് പ്രതികരണം തേടിയപ്പോള്‍ ട്രംപിന്റെ സമീപകാല പ്രസ്താവനകള്‍ പരിശോധിക്കാനാണ് ആവശ്യപ്പെട്ടത്.

'അവര്‍ക്ക് നേതാക്കളുണ്ടായിരുന്നു, അവര്‍ ഇല്ലാതായി. ഇപ്പോള്‍ അവര്‍ക്ക് മറ്റൊരു കൂട്ടം നേതാക്കളുണ്ട്. അവരും ഇല്ലാതായേക്കാം. ഒപ്പം ഒരു കാര്യം കൂടി അറിയുക, ഞാനും ഇല്ലാതായേക്കാം; കാരണം ഞാനാണ് അവരുടെ പ്രധാന ലക്ഷ്യം'- കഴിഞ്ഞ ദിവസം ഇറാനില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ട്രംപ് പറഞ്ഞു.

'എന്നെയാണ്, അമേരിക്കന്‍ നേതാവിനെയാണ് അവര്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്. ഞാനുമുണ്ട് ആ ലിസ്റ്റുകളില്‍. ഇന്ന് രാവിലെ ഞാന്‍ കണ്ടു, ഞാന്‍ അവരുടെ എല്ലാ ലിസ്റ്റുകളിലും ഉണ്ട്. ഇതുവരെ ഭാഗ്യത്തിന് ഞാന്‍ രക്ഷപ്പെട്ടു, പക്ഷേ അത് അധികനാള്‍ നീണ്ടുനില്‍ക്കില്ലായിരിക്കാം. ഇവര്‍ ദുഷ്ടരും മാനസിക രോഗികളുമാണ്. ഈ കാന്‍സര്‍ നമുക്ക് തുടച്ചു നീക്കണം.

എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്ക് അറിയാമോ? കാന്‍സര്‍ നേരത്തെ തന്നെ നീക്കം ചെയ്യണം. അതാണ് എന്റെ തോന്നല്‍' ട്രംപ് ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ഈ പ്രസ്താവനയില്‍ ഒരു ലിസ്റ്റ് താന്‍ കണ്ടുവെന്ന് ട്രംപ് പറയുന്നുണ്ട്. എന്നാല്‍ ഇത് ഇസ്രയേലിന്റെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ളതാണോ എന്ന് വ്യക്തമല്ല.

ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ സംസ്‌കാര ചടങ്ങില്‍ ട്രംപിന്റെ മരണം എന്ന് ജനക്കൂട്ടം ആര്‍ത്ത് വിളിച്ചിരുന്നു. യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുകയും ചെയ്തിട്ടുണ്ട്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചതായും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഇറാനുമായുള്ള സംഘര്‍ഷം വീണ്ടും തുടങ്ങിയതിന് പിന്നാലെ ട്രംപിന്റെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. സുരക്ഷാ ആശങ്കകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നാറ്റോ ഉച്ചകോടിക്ക് ശേഷം തുര്‍ക്കിയില്‍ നിന്ന് വരുമ്പോള്‍ ട്രംപിന്റെ വിമാനം മാറ്റിയിരുന്നു. ഖത്തര്‍ സമ്മാനിച്ച പുതിയ എയര്‍ഫോഴ്സ് വണ്‍ വിമാനത്തിന് പകരം പഴയ വിമാനത്തിലാണ് അദേഹം മടക്കയാത്ര നടത്തിയത്.

വിമാനമാറ്റം സംബന്ധിച്ച് യുഎസ് ഉദ്യോഗസ്ഥര്‍ പ്രത്യേക വിശദീകരണം നടത്തിയിട്ടില്ലെങ്കിലും സുരക്ഷാ ആശങ്കകളാണ് ഇതിന് പിന്നിലെന്നാണ് സൂചനകള്‍. തുര്‍ക്കിയില്‍ നിന്ന് പഴയ എയര്‍ഫോഴ്സ് വണ്ണില്‍ യാത്ര ചെയ്ത ട്രംപ് യുകെയിലെ സൈനിക താവളത്തിലെത്തിയ ശേഷം പുതിയ വിമാനത്തില്‍ മാറി കയറുകയും ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ട്രംപിനോട് ചോദിച്ചപ്പോള്‍ യുകെയിലെ സൈനികര്‍ക്ക് പുതിയ വിമാനം കാണുന്നതിന് വേണ്ടിയാണെന്നായിരുന്നു വിശദീകരണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.