സുഡാനിൽ രൂക്ഷമായ ആഭ്യന്തര കലാപം; 19 മരണം, നിരവധി വീടുകൾ അഗ്നിക്കിരയായി

സുഡാനിൽ രൂക്ഷമായ ആഭ്യന്തര കലാപം; 19 മരണം, നിരവധി വീടുകൾ അഗ്നിക്കിരയായി

ടോഞ്ച്: സൗത്ത് സുഡാനിലെ ടോഞ്ച് സൗത്ത് കൗണ്ടിയിൽ വിവിധ സമൂഹങ്ങൾ തമ്മിലുണ്ടായ ആഭ്യന്തര സംഘർഷത്തിൽ 19 പേർ കൊല്ലപ്പെട്ടു. 14 പേർക്ക് ഗുരുതരമായി പരിക്കേറ്റു. തലസ്ഥാനമായ ജൂബയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള പ്രദേശത്താണ് ജൂലൈ ആറിന് പുലർച്ചെ അക്രമം പൊട്ടിപ്പുറപ്പെട്ടത്.

പുലർച്ചെ അഞ്ച് മണിയോടെ അക്രമികൾ മാന്യാംഗോക്ക് സമൂഹത്തെ ലക്ഷ്യമിട്ട് അജിവേൽ, മാന്യീൻ എന്നീ ഗ്രാമങ്ങളിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ നിരവധി വീടുകൾ പൂർണമായും തീയിട്ടു നശിപ്പിച്ചു. ഇതോടെ നൂറുകണക്കിന് കുടുംബങ്ങൾ ഭവനരഹിതരായി. വാരാപ്പ് സംസ്ഥാന വാർത്താവിനിമയ മന്ത്രിയാണ് വിവരങ്ങൾ സ്ഥിരീകരിച്ചത്.

2025 അവസാനത്തോടെ ആരംഭിച്ച വംശീയ സംഘർഷങ്ങളുടെയും പ്രതികാര നടപടികളുടെയും തുടർച്ചയാണ് ഇപ്പോഴത്തെ അക്രമമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 2026 ഡിസംബറിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വവും മാനുഷിക പ്രതിസന്ധിയും സംഘർഷത്തിന്റെ ആക്കം കൂട്ടിയതായും റിപ്പോർട്ടുകളുണ്ട്.

പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വാരാപ്പ് സംസ്ഥാന സർക്കാർ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊലീസിനും സുരക്ഷാസേനയ്ക്കുമൊപ്പം സൗത്ത് സുഡാൻ പീപ്പിൾസ് ഡിഫൻസ് ഫോഴ്സിനെയും പ്രദേശത്ത് വിന്യസിച്ചു. സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.