മെക്സിക്കോ സിറ്റി: ഒൻപത് വർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ശേഷം മെക്സിക്കോയിലെ ചരിത്രപ്രസിദ്ധമായ സാന്താ വെരാ ക്രൂസ് ദേവാലയവും സാൻ ജുവാൻ ഡി ഡിയോസ് റെക്ടറിയും വിശ്വാസികൾക്കായി വീണ്ടും തുറന്നു. 2017 ലെ ഭൂകമ്പത്തിൽ തകർന്ന് ആരാധന തടസപ്പെട്ട ഈ ദേവാലയങ്ങൾ നീണ്ട നാളത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് തിരികെ ലഭിച്ചത്.
ജൂലൈ എട്ടിന് സാന്താ വെരാ ക്രൂസ് ഇടവകയിൽ നടന്ന പ്രത്യേക കൃതജ്ഞതാ ദിവ്യബലിയോടെയാണ് ദേവാലയത്തിന്റെ വാതിലുകൾ വീണ്ടും തുറന്നത്. തലമുറകളായി വിശ്വാസികൾ ആത്മീയമായി ആശ്രയിച്ചിരുന്ന ഈ ദേവാലയത്തിന്റെ തിരിച്ചുവരവ് വലിയ സന്തോഷത്തോടെയാണ് സഭയും വിശ്വാസി സമൂഹവും വരവേറ്റത്.
ഈ ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പുകൾക്ക് വലിയ ആത്മീയ പ്രാധാന്യമുണ്ട്. നമ്മുടെ രക്ഷയ്ക്കായി കർത്താവ് ബലിയർപ്പിക്കപ്പെട്ട വിശുദ്ധ കുരിശിന്റെ ഭാഗമടങ്ങുന്ന തിരുശേഷിപ്പ് ഇവിടെ സൂക്ഷിച്ചിരിക്കുന്നു. പൗലോസ് മൂന്നാമൻ പാപ്പ സ്പെയിനിലെ ചാൾസ് അഞ്ചാമൻ രാജാവിന് സമ്മാനിച്ച ‘ക്രൈസ്റ്റ് ഓഫ് ദി സെവൻ വെയിൽസ്’ എന്ന അത്ഭുതകരമായ തിരുസ്വരൂപവും ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ചരിത്രപരമായ പൈതൃകവും ആത്മീയ ചൈതന്യവും നിറഞ്ഞ ഈ ദേവാലയങ്ങൾ വീണ്ടെടുക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ഭൂകമ്പത്തിൽ മണിഗോപുരങ്ങൾക്കും ഭിത്തികൾക്കും ഉണ്ടായ ഗുരുതരമായ കേടുപാടുകൾ പരിഹരിച്ച്, മുൻകാല പ്രൗഢിയോടെ തന്നെ കെട്ടിടത്തെ നിലനിർത്താനാണ് അധികൃതർ ശ്രമിച്ചത്. മെക്സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രപ്പോളജി ആൻഡ് ഹിസ്റ്ററിയുടെ മേൽനോട്ടത്തിൽ ഫാ. ജുവാൻ കാർലോസ് ഗ്വെരേരോ ഉഗാൽഡെയുടെ നേതൃത്വത്തിലാണ് പുനരുദ്ധാരണം പൂർത്തിയാക്കിയത്.
മെക്സിക്കോ സിറ്റിയുടെ ഹൃദയഭാഗത്ത് വീണ്ടും ആരാധനയുടെ മണികൾ മുഴങ്ങുമ്പോൾ വിശ്വാസികൾക്ക് ഇതൊരു നവജീവന്റെ അനുഭവമാണ്. കർത്താവിന്റെ ആലയത്തിൽ വീണ്ടും ഒന്നിച്ചു ചേരാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നിരവധി വിശ്വാസികളാണ് ദേവാലയത്തിൽ എത്തുന്നത്.