ബ്യൂണസ് ഐറിസ്: ഇസ്രയേലിനും ജൂത ജനതയ്ക്കും വീണ്ടും പിന്തുണ പ്രഖ്യാപിച്ച് അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലെ. ന്യൂയോര്‍ക്കിലെ യെഷിവ സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ഇസ്രയേല്‍ അനുകൂലിയായ പ്രസിഡന്റായതില്‍ താന്‍ അഭിമാനിക്കുന്നു.
ലിബര്‍ട്ടേറിയന്‍ സൈദ്ധാന്തികനായ ഹെര്‍മന്‍ ഹോപ്പി തന്റെ ഇസ്രയേല്‍ അനുകൂല നിലപാടില്‍ അതൃപ്തനാണെന്ന് പറഞ്ഞ മിലെ, ഇസ്രയേലിനോടുള്ള തന്റെ അചഞ്ചലമായ പിന്തുണയും സഹകരണവും എക്കാലവും തുടരുമെന്നും പറഞ്ഞു. തീവ്ര വലതുപക്ഷ നിലപാടുള്ള ഹാവിയര്‍ മിലെ അര്‍ജന്റീനയുടെ പ്രസിഡന്റായി അധികാരത്തില്‍ വന്നതു മുതല്‍ ഇസ്രായേലിന് അന്താരാഷ്ട്ര തലത്തില്‍ വലിയ പിന്തുണയാണ് നല്‍കി വരുന്നത്.
മിലെയുടെ ഇസ്രയേല്‍ അനുകൂല നിലപാടുകളെയും പിന്തുണാ പ്രഖ്യാപനങ്ങളെയും നിറഞ്ഞ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്. ജൂതരാഷ്ട്രമായ ഇസ്രയേലുമായി ആദര്‍ശപരമായും ആത്മീയപരമായും തനിക്ക് അഭേദ്യമായ ബന്ധമുണ്ടെന്നും മിലെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഇസ്രയേലിനുള്ള പിന്തുണക്ക് പുറമെ, ലോകക്രമത്തെ കുറിച്ചുള്ള താത്വികമായ ചില വിശകലനം നടത്താനും അദേഹം ശ്രമിച്ചു.
'പാശ്ചാത്യ നാഗരികതയുടെ അടിസ്ഥാന മൂല്യങ്ങളായ ജീവന്‍, സ്വാതന്ത്ര്യം, സ്വത്തവകാശം എന്നിവ ബൈബിളിലെ പത്ത് കല്‍പ്പനകളുമായി ബന്ധപ്പെട്ടിരിക്കുകയാണ്. മോഷണം, കൊലപാതകം തുടങ്ങിയ പ്രവൃത്തികള്‍ തെറ്റാണെന്ന് വിശുദ്ധ ഗ്രന്ഥങ്ങള്‍ തന്നെ വ്യക്തമാക്കിയ കാര്യമാണ്'- മിലെ ചൂണ്ടിക്കാട്ടി.
അര്‍ജന്റീനയുടെ വിദേശനയത്തെ അമേരിക്കയുമായും ഇസ്രയേലുമായും കൂടുതല്‍ അടുപ്പിച്ച മിലെ, നേരത്തെ ഇസ്രയേല്‍ സന്ദര്‍ശിക്കുകയും വെസ്റ്റേണ്‍ വോളില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. അര്‍ജന്റീനയുടെ എംബസി ജറുസലേമിലേക്ക് മാറ്റുമെന്നും അദേഹം അറിയിച്ചു.
അര്‍ജന്റീനയുടെ പ്രസിഡന്റ് ഒരു സൂപ്പര്‍ സ്റ്റാറാണെന്നും അദേഹം കാരണം ഫുട്‌ബോള്‍ ലോകകപ്പ് കിരീടം അര്‍ജന്റീന നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.