സര്‍ക്കാര്‍ ജോലിക്കായി വാഹനാപകടമുണ്ടാക്കി മകള്‍ അമ്മയെ കൊന്നു; അച്ഛന്റെ മരണത്തിലും സംശയം

സര്‍ക്കാര്‍ ജോലിക്കായി വാഹനാപകടമുണ്ടാക്കി മകള്‍ അമ്മയെ കൊന്നു; അച്ഛന്റെ മരണത്തിലും സംശയം

ജയ്പൂര്‍: സര്‍ക്കാര്‍ ജോലിക്കും സ്വത്തിനും വേണ്ടി രാജസ്ഥാനില്‍ മകള്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്. അമ്മയെക്കൂടാതെ അച്ഛന്റെ മരണത്തിനും കാരണക്കാരി മകള്‍ തന്നെയാണെന്ന ബന്ധുക്കളുടെ ആരോപണമാണ് കൂടുതല്‍ അന്വേഷണത്തിന് കാരണം.

ആയുഷി ശര്‍മയെന്ന 23 കാരിയാണ് പ്രതി. വിജയ്-നീരജ് ദമ്പതികളുടെ മകളായ ആയുഷി തന്നെയാണ് പിതാവിന്റെ മരണത്തിന്റേയും കാരണക്കാരിയെന്ന് ആരോപിച്ച് നീരജ് ശര്‍മയുടെ സഹോദരന്‍ രാകേഷ് ശര്‍മ പൊലീസിനേയും കോടതിയേയും സമീപിച്ചു. അമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആയുഷിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ ദിവസമാണ് അമ്മാവന്റേയും വാടകക്കൊലയാളിയുടേയും സഹായത്തോടെ റോഡപകടമുണ്ടാക്കി നീരജ് ശര്‍മയെ യുവതി കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷമാണ് നീരജ് ശര്‍മയുടെ ഭര്‍ത്താവ് വിജയ് ശര്‍മ മരിക്കുന്നത്. വിജയ് ശര്‍മയുടെ സര്‍ക്കാര്‍ ജോലിയാണ് ആശ്രിത നിയമനത്തിലൂടെ ഭാര്യക്ക് ലഭിച്ചത്.

രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് ആയാണ് നീരജ് ശര്‍മയ്ക്ക് ജോലി ലഭിച്ചത്. എന്നാല്‍ തനിക്ക് ആ ജോലി വേണമെന്ന് ആയുഷി വാശി പിടിച്ചിരുന്നു. എന്നാല്‍ നീരജ് ശര്‍മ സമ്മതിച്ചിരുന്നില്ല. മാസങ്ങള്‍ക്ക് ശേഷമാണ് ആ ജോലി നേടാനായി ആയുഷി അമ്മയെ കൊലപ്പെടുത്തിയത്.

അമ്മാവന്റേയും കസിനായ ബല്‍റാമിന്റേയും സഹായത്തോടെ മറ്റൊരു വാടകക്കൊലയാളിയെ കൂടെക്കൂട്ടിയാണ് കുറ്റകൃത്യം നടത്തിയത്. ജൂലൈ മൂന്നിന് പ്രതാപ് നഗറിലുണ്ടായ റോഡപകടത്തില്‍ നീരജ് ശര്‍മയെ ഒരു എസ്.യു.വി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഈ കൊലപാതകം വെറും റോഡപകടമാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. കേസില്‍ ആയുഷി ഉള്‍പ്പെടെ ഏഴ് പേര്‍ നിലവില്‍ അറസ്റ്റിലാണ്. കസിനായ ബല്‍റാമിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

രോഗബാധിതനായ വിജയ് ശര്‍മയെ താന്‍ പരിചരിക്കാമെന്ന് പറഞ്ഞാണ് മകള്‍ ആയുഷി കൊണ്ടുപോയതെന്നും എന്നാല്‍ കൃത്യമായ നല്‍കിയില്ലെന്നും രാകേഷ് ശര്‍മ ആരോപിക്കുന്നു. അദേഹത്തെ ഒരു തവണ പോലും കാണാന്‍ ബന്ധുക്കളെ അനുവദിച്ചിരുന്നുമില്ല. മൂന്നു മാസങ്ങള്‍ക്കു ശേഷം അച്ഛന്‍ ആശുപത്രിയിലാണെന്ന വിവരം ആയുഷി ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിയ ബന്ധുക്കളോട് വിജയ് ശര്‍മയുടെ ശരീരാവയവങ്ങളുടെ 90 ശതമാനവും തകരാറിലായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് വീണ്ടും ആയുഷി വിജയിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെവച്ച് അദേഹം മരിക്കുകയായിരുന്നുവെന്ന് രാകേഷ് നല്‍കിയ പരാതിയില്‍ പറയുന്നു.

അച്ഛന്റെ സംസ്‌കാരച്ചടങ്ങുകള്‍ ആയുഷി അതിവേഗത്തില്‍ നാട്ടില്‍ വച്ചു തന്നെ നടത്തി. പിന്നാലെ അച്ഛന്റെ ജോലിക്കായി അപേക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തെന്നും രാകേഷ് പറയുന്നു. ഒരിക്കല്‍ അച്ഛന്റെ മരണം ചൂണ്ടിക്കാട്ടി അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും രാകേഷ് ശര്‍മയുടെ പരാതിയില്‍ പറയുന്നുണ്ട്.

അച്ഛന്റെ ഫീഡിങ് ട്യൂബ് മാറ്റിയാണ് കൊന്നതെന്നും അതുകൊണ്ട് നിങ്ങളെ കൊല്ലുന്നത് അതിലും എളുപ്പമാണെന്നും ആയുഷി പറഞ്ഞിരുന്നു. തനിക്കിനി രണ്ടു ദിവസത്തെ ആയുസ് മാത്രമേ കാണൂവെന്ന് നീരജ് വാട്‌സാപ് സ്റ്റാറ്റസ് ഇട്ടതായും റിപ്പോര്‍ട്ടുണ്ട്.

ഭിന്നശേഷിക്കാരനായ തന്റെ സഹോദരന് ലഭിച്ച അത്രയും സ്‌നേഹം തനിക്ക് ലഭിച്ചില്ലെന്നും അതിനാല്‍ അമ്മയോട് പണ്ടേ വെറുപ്പായിരുന്നുവെന്നും ആയുഷി ചോദ്യം ചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ ആയുഷിക്ക് നിയമവശങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും തെളിവുകള്‍ തന്ത്രപരമായി ഇല്ലാതാക്കിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.