ചിക്കാഗോ സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ (രണ്ടാം ദിവസം): ചരിത്ര പ്രസിദ്ധമായ വിശ്വാസ റാലിയും ആത്മീയ സംഗമങ്ങളും; രൂപതയുടെ വളര്‍ച്ച ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ്

ചിക്കാഗോ സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ (രണ്ടാം ദിവസം): ചരിത്ര പ്രസിദ്ധമായ വിശ്വാസ റാലിയും ആത്മീയ സംഗമങ്ങളും; രൂപതയുടെ വളര്‍ച്ച ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ്

ചിക്കാഗോ: ചിക്കാഗോ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ അത്യധികം ആവേശം നിറഞ്ഞ അന്തരീക്ഷത്തില്‍ നടക്കുന്ന ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ ഇരുപത്തിയഞ്ചാമത് സില്‍വര്‍ ജൂബിലി നാഷണല്‍ കണ്‍വെന്‍ഷന്റെ രണ്ടാം ദിവസത്തെ ശുശ്രൂഷകള്‍ സമാപിച്ചു. ജൂലൈ ഒന്‍പതിന് ആരംഭിച്ച കണ്‍വെന്‍ഷന്റെ രണ്ടാം ദിനത്തില്‍ നടന്ന ഭക്തി നിര്‍ഭരമായ ദിവ്യബലി, ജീവിത ഗന്ധിയായ ക്ലാസുകള്‍, ആത്മീയ സെഷനുകള്‍ എന്നിവയ്‌ക്കൊപ്പം അമേരിക്കന്‍ മലയാളി ക്രൈസ്തവ ചരിത്രത്തില്‍ ഇടംപിടിച്ച വമ്പിച്ച വിശ്വാസ റാലിയും ഈ ചരിത്ര സംഗമത്തിന് മാറ്റുകൂട്ടി.

ദൈവരാജ്യ പ്രഘോഷണ ദൗത്യം തുടരണം: മാര്‍ റാഫേല്‍ തട്ടില്‍


രണ്ടാം ദിവസം, കണ്‍വെന്‍ഷനില്‍ പങ്കടുക്കുന്ന ബിഷപ്പുമാരും വൈദികരും സന്യസ്തരും രൂപതയിലെ എല്ലാ ഇടവകളില്‍ നിന്നുമുള്ള വിശ്വാസികളും ഒന്നുചേര്‍ന്നുള്ള ദിവ്യബലിയര്‍പ്പണം നടന്നു. തിരുക്കര്‍മ്മങ്ങളില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് , ബിഷപ്പ് എമെരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ബ്ലെയിസ് ജെ. സുപിച്ച്, ഡോ. ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത, മാര്‍. ജോസ് കല്ലുവേലില്‍, റവ. ഡോ. ജോളി വടക്കന്‍, റവ. ഡോ. ജോസഫ് തടത്തില്‍, രൂപതയുടെ വികാരി ജനറാളുമാരായ റവ. ഫാ. ജോണ്‍ മേലപ്പുറം, റവ. ഫാ. തോമസ് കടുകപ്പള്ളില്‍, തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.


ലൂക്കായുടെ സുവിശേഷത്തെ ആസ്പദമാക്കി മാര്‍ റാഫേല്‍ തട്ടില്‍ നല്‍കിയ വചന സന്ദേശം വിശ്വാസികളില്‍ ഏറെ സ്വാധീനം ചെലുത്തി. ക്രിസ്തു ലോകത്തിലേക്ക് 12 ശിഷ്യന്മാരെയും തുടര്‍ന്ന് 72 പേരെയും ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് വിളംബരം ചെയ്യാനായി അയച്ച വചനഭാഗം അദേഹം ഓര്‍മ്മിപ്പിച്ചു. 'വിളവധികം, വേലക്കാര്‍ ചുരുക്കം' എന്ന വചനം ഇന്നും പ്രസക്തമാണെന്ന് അദേഹം പറഞ്ഞു. വഴിപണിയും ജീവനുമായ ക്രിസ്തുവിന്റെ മാര്‍ഗത്തിലൂടെ ചരിച്ചവരാണ് നമ്മുടെ പൂര്‍വികര്‍. ആ പൈതൃകവും മാര്‍ഗവും നാം കുടിയേറിപ്പാര്‍ത്ത ഈ അമേരിക്കന്‍ മണ്ണിലും വരുംതലമുറകള്‍ക്കായി തുടര്‍ന്നുപോകാന്‍ നമുക്ക് സാധിക്കണം. കഴിഞ്ഞ 25 വര്‍ഷക്കാലം വലിയ പോരാട്ടങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും ജീവിച്ച ചിക്കാഗോ രൂപത കൈവരിച്ച ഈ വളര്‍ച്ച, വലിയ ആനന്ദത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും സാക്ഷ്യമാണെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് കൂട്ടിച്ചേര്‍ത്തു.


രൂപതയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ഈ സില്‍വര്‍ ജൂബിലി കണ്‍വെന്‍ഷന്‍ അമേരിക്കന്‍ പ്രവാസി സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അപൂര്‍വവും അതുല്യവുമായ ആഘോഷമാണെന്ന് ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് പ്രസ്താവിച്ചു. കാല്‍നൂറ്റാണ്ട് മുന്‍പ് വിതക്കപ്പെട്ട വിശ്വാസത്തിന്റെ വിത്ത് ഇന്ന് വലിയൊരു പ്രസ്ഥാനമായി വളര്‍ന്നു പന്തലിച്ചതിന്റെ നേര്‍ക്കാഴ്ചയാണ് ഈ കണ്‍വെന്‍ഷനെന്നും, രൂപതയുടെ സ്ഥാപക പിതാക്കന്മാരുടെയും അജപാലകരുടെയും വിശ്വാസികളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ഒത്തുചേരലെന്നും മാര്‍ ആലപ്പാട്ട് ഓര്‍മ്മിപ്പിച്ചു.

ദമ്പതികള്‍ക്കായി ചങ്ങനാശേരി ആര്‍ച്ചുബിഷപ്പ് മാര്‍ തോമസ് തറയില്‍ നയിച്ച ക്ലാസ് ഏറെ ശ്രദ്ധേയമായി. അമേരിക്കയിലെ അതിവേഗം പായുന്നതും തിരക്കുപിടിച്ചതുമായ ആധുനിക ജീവിത സാഹചര്യങ്ങളില്‍, കുടുംബ ജീവിതത്തിലെ മാനസിക സമ്മര്‍ദങ്ങളെ എങ്ങനെ വിജയകരമായി കൈകാര്യം ചെയ്യാമെന്ന് അദേഹം ലളിതമായി വിവരിച്ചു. പരസ്പരമുള്ള ആശയവിനിമയവും ആത്മീയ അടിത്തറയും വഴി മാത്രമേ കുടുംബങ്ങളില്‍ സമാധാനം നിലനിര്‍ത്താന്‍ സാധിക്കൂ എന്ന് അദേഹം ഓര്‍മ്മിപ്പിച്ചു.

തുടര്‍ന്ന് വിവിധ പ്രായത്തിലുള്ളവര്‍ക്കായി കണ്‍വെന്‍ഷന്‍ നഗരിയില്‍ പ്രത്യേക ബ്രേക്ക് ഔട്ട് സെഷനുകള്‍ നടന്നു. കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്ന യുവാക്കള്‍, വനിതകള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കായി ക്ലാസുകളും വര്‍ക് ഷോപ്പ് സെഷനുകളും നടന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.