ടെഹ്‌റാൻ: മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം കടലിടുക്കിന്റെ തീരപ്രദേശങ്ങളായ ബന്ദർ അബ്ബാസ്, സിരിക് എന്നീ നഗരങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ നടന്നു.
ഇറാൻ കടലിടുക്കിലെ കപ്പലുകൾക്ക് നേരെ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾക്ക് മറുപടിയായി യു.എസ് സെൻട്രൽ കമാൻഡ് മൂന്നാംഘട്ട സൈനിക ആക്രമണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ഇറാന്റെ ശേഷി പൂർണമായും തകർക്കുമെന്ന് യു.എസ് സൈന്യം വ്യക്തമാക്കി. സൈപ്രസ് പതാകയണിഞ്ഞ ഒരു കണ്ടെയ്നർ കപ്പലിന്റെ എൻജിൻ റൂം ഇറാൻ ആക്രമണത്തിൽ തകരുകയും ഒരു ജീവനക്കാരനെ കാണാതാവുകയും ചെയ്തതിനെത്തുടർന്നാണ് നടപടി.
അനുവദനീയമല്ലാത്ത പാതകളിലൂടെ സഞ്ചരിച്ച കപ്പലുകൾക്ക് നേരെയാണ് തങ്ങൾ നടപടിയെടുത്തതെന്ന് ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. ഒരു കപ്പലിന് നേരെ മുന്നറിയിപ്പ് വെടിയുതിർത്ത് അത് തടഞ്ഞുവെച്ചതായും അവർ വ്യക്തമാക്കി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ കടലിടുക്ക് അടച്ചിടുമെന്നും കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ മേഖലയിലെ ശത്രുതാവളങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ ശക്തമായ താക്കീത് നൽകി.
"ഇറാൻ തെറ്റായ തീരുമാനമാണ് കൈക്കൊണ്ടത് അതിനുള്ള വില അവർ ഇപ്പോൾ നൽകിക്കൊണ്ടിരിക്കുകയാണ്," അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു.
മേഖലയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ രാജ്യാന്തര തലത്തിൽ ആശങ്ക പടരുകയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസപ്പെട്ടത് ആഗോള ഇന്ധന വിതരണത്തെയും ബാധിച്ചേക്കുമെന്ന ഭീതിയുണ്ട്.