ജെറുസലേം: ഇസ്രയേല്‍ പൊതുതിരഞ്ഞെടുപ്പ് 2026 ഒക്ടോബര്‍ 27 ന് നടക്കും. ഇറാനും ലെബനനുമായും ഗാസയിലെ സംഘര്‍ഷങ്ങള്‍ക്കും ഇടയിലാണ് രാജ്യം പുതിയ ജനവിധിക്കായി ഒരുങ്ങുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് ഈ തിരഞ്ഞെടുപ്പ് പ്രഖ്യാപനം.
ലിക്കുഡ് പാര്‍ട്ടിയിലെ പ്രമുഖ നേതാവും ഭരണകക്ഷി വിപ്പുമായ ഓഫിര്‍ കാറ്റ്‌സാണ് തിരഞ്ഞെടുപ്പ് തിയതി ഔദ്യോഗികമായി വ്യക്തമാക്കിയത്. നിലവിലെ പാര്‍ലമെന്റായ നെസെറ്റിന്റെ കാലാവധി ജൂലൈ 17 ന് അവസാനിക്കും. ഇതോടെ കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ കാലാവധി തികയ്ക്കുന്ന ആദ്യ സര്‍ക്കാരായും നാല് പതിറ്റാണ്ടിന് ശേഷം കൃത്യ സമയത്ത് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഭരണകൂടമായും നെതന്യാഹു സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടംപിടിക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ ഏഴിനാണ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പുറത്തുവന്ന അഭിപ്രായ സര്‍വേകള്‍ രാജ്യത്ത് ശക്തമായ മത്സരമാണ് പ്രവചിക്കുന്നത്. ചാനല്‍ 12 ന്യൂസ് പുറത്തുവിട്ട സര്‍വേ പ്രകാരം, നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും ഗാഡി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള യാഷര്‍ പാര്‍ട്ടിയും ഒപ്പത്തിനൊപ്പമാണ്. 120 അംഗങ്ങളുള്ള ഇസ്രയേലി പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. നിലവിലെ കണക്കുകള്‍ പ്രകാരം വ്യക്തമായ ഭൂരിപക്ഷം ലഭിക്കാന്‍ ഇരു മുന്നണികള്‍ക്കും പ്രയാസമായതിനാല്‍ രാജ്യം ഒരു തൂക്കുസഭയിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
2022 നവംബറില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലൂടെയാണ് നെതന്യാഹു സഖ്യം അധികാരത്തിലേറിയത്. ലിക്കുഡ് പാര്‍ട്ടിയും വിവിധ തീവ്ര വലതുപക്ഷ-യാഥാസ്ഥിതിക കക്ഷികളും ചേര്‍ന്ന് രൂപീകരിച്ച ഈ സര്‍ക്കാര്‍ 2022 ഡിസംബര്‍ 29 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇസ്രയേല്‍ ചരിത്രത്തിലെ ഏറ്റവും തീവ്ര യാഥാസ്ഥിതിക സ്വഭാവമുള്ള ഭരണകൂടമെന്ന് വിമര്‍ശിക്കപ്പെട്ടിട്ടും, വന്‍ സുരക്ഷാ-യുദ്ധ വെല്ലുവിളികള്‍ക്കിടയിലും കാലാവധി തികച്ചാണ് നെതന്യാഹുവും സംഘവും വീണ്ടും ജനവിധി തേടുന്നത്.