ഇറാനിലെ ആറ് നഗരങ്ങളില്‍ അമേരിക്കയുടെ വ്യോമാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു: കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്‍

ഇറാനിലെ ആറ് നഗരങ്ങളില്‍ അമേരിക്കയുടെ വ്യോമാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു: കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഇറാനിലെ ആറ് പ്രധാന നഗരങ്ങളില്‍ അമേരിക്കന്‍ വ്യോമാക്രമണം. ബുഷെര്‍, ചബഹാര്‍, ജാസ്‌ക്, കൊണാരക്, അബു മൂസ, ബന്ദര്‍ അബ്ബാസ് എന്നീ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളാണ് അമേരിക്ക ലക്ഷ്യം വച്ചത്.

അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന സൈനിക ദൗത്യം ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 7:45നാണ് പൂര്‍ത്തിയായത്. നൈനിലെ സൈനിക താവളത്തില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ രണ്ട് ദിവസത്തിനിടെ ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.

നേരത്തെ ഇറാനിലെ കപ്പല്‍ശാല പരിപാലന കേന്ദ്രം യുഎസ് സൈന്യം ആക്രമണത്തില്‍ തകര്‍ത്തിരുന്നു. ബന്ദര്‍ അബ്ബാസ് തുറമുഖത്തെ അന്തര്‍വാഹിനി, കപ്പല്‍ പരിപാലന കേന്ദ്രത്തിന് നേരെയാണ് അമേരിക്കന്‍ സൈന്യം കടല്‍ ഡ്രോണുകള്‍ ഉപയോഗിച്ചത്. മൂന്ന് 'കോര്‍സെയര്‍' ഡ്രോണുകളാണ് ഈ ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

അമേരിക്കയുടെ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. അമേരിക്ക കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതുവരെ ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള ധാരണാപത്രം ഔദ്യോഗികമായി റദ്ദാക്കിയതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് അറിയിച്ചു.

അതിനിടെ ഇറാനിയന്‍ തുറമുഖങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും അവിടെ യാത്ര ചെയ്യുന്ന കപ്പലുകള്‍ക്ക് 20 ശതമാനം ട്രാന്‍സിറ്റ് ഫീ ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.