ന്യൂഡല്‍ഹി: കൃഷിയിടങ്ങളില്‍ പരക്കെ ഉപയോഗിച്ചു വന്നിരുന്ന അതീവ അപകടകാരിയായ പാരാക്വാറ്റ് എന്ന കളനാശിനി രാജ്യത്തുടനീളം നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രാലയം പുറത്തിറക്കി. നിരോധനം നിലവില്‍ വരുന്നതോടെ പാരാക്വാറ്റിന്റെ ഇറക്കുമതി, ഉല്‍പാദനം, വിപണനം, ഉപയോഗം എന്നിവ ഇന്ത്യയില്‍ പൂര്‍ണമായും നിയമ വിരുദ്ധമാകും.
ലോകത്ത് നിലവിലുള്ളതില്‍ വച്ച് ഏറ്റവും അപകടകാരിയായ രാസവസ്തുക്കളിലൊന്നായാണ് പാരാക്വാറ്റ് വിലയിരുത്തപ്പെടുന്നത്. അബദ്ധത്തിലോ അല്ലാതെയോ ശരീരത്തിനുള്ളില്‍ എത്തിയാല്‍ ജീവന്‍ രക്ഷിക്കാന്‍ പ്രത്യേക പ്രതിവിധികളൊന്നും ലഭ്യമല്ലെന്നതാണ് ഇതിന്റെ പ്രധാന വെല്ലുവിളി. വളരെ കുറഞ്ഞ അളവില്‍ ഉള്ളില്‍ ചെന്നാല്‍ പോലും ശ്വാസകോശത്തെ നിമിഷങ്ങള്‍ക്കുള്ളില്‍ തകരാറിലാക്കാന്‍ ഇതിന് സാധിക്കും. കൂടാതെ വൃക്കകള്‍, കരള്‍, ചര്‍മ്മം, കണ്ണുകള്‍ എന്നിവയ്ക്ക് ഇത് ശക്തമായ ആഘാതമുണ്ടാക്കും.
തേയില, നെല്ല്, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് വിളകളില്‍ മാത്രമായിരുന്നു ഇന്ത്യയില്‍ ഇതിന് അനുമതിയുണ്ടായിരുന്നത്. എങ്കിലും വിളവെടുപ്പിന് മുന്നോടിയായി ധാന്യങ്ങളും ഇലകളും വേഗത്തില്‍ ഉണക്കിയെടുക്കാന്‍ പലയിടങ്ങളിലും ഇത് വ്യാപകമായി ദുരുപയോഗം ചെയ്തിരുന്നു. മുന്‍പ് കേരളവും ആന്ധ്രാപ്രദേശും ഈ കളനാശിനിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യ വ്യാപകമായി കടുത്ത നടപടിയിലേക്ക് കടക്കുന്നത്.
കരട് വിജ്ഞാപനം പുറത്തുവന്ന തിയതി മുതല്‍ 30 ദിവസത്തിനകം പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കും പരാതികളും നിര്‍ദേശങ്ങളും അറിയിക്കാം. അന്തിമ ഉത്തരവ് പുറത്തുവരുന്നതോടെ നിലവിലുള്ള വിതരണ-ഉല്‍പാദന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കപ്പെടും. വ്യാപാരികളുടെയും ഉല്‍പാദകരുടെയും കൈവശമുള്ള സ്റ്റോക്കുകള്‍ തിരികെ നല്‍കാന്‍ മൂന്ന് മാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ച് വില്‍പനയോ ഉപയോഗമോ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൂര്‍ണ അധികാരമുണ്ടായിരിക്കും.
യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍, ചൈന, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങി എഴുപതോളം രാജ്യങ്ങളില്‍ നിലവില്‍ പാരാക്വാറ്റ് പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ ആഗോളതലത്തില്‍ നിരോധനം നേരിടുന്ന ഗ്ലൈഫോസേറ്റ് ഉള്‍പ്പെടെയുള്ള മറ്റ് ചില അപകടകാരികളായ രാസ വസ്തുക്കളും ഉടന്‍ തന്നെ സമാനമായ നടപടികള്‍ നേരിട്ടേക്കുമെന്നാണ് സൂചനകള്‍.