'പ്രത്യാശയുടെ ജ്വാല അണയരുത്': ആഗോള സംഘര്‍ഷങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ലിയോ പതിനാലാമന്‍ മാര്‍പാപ്പ

'പ്രത്യാശയുടെ ജ്വാല അണയരുത്': ആഗോള സംഘര്‍ഷങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ലിയോ പതിനാലാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വേഷ്യയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും യുദ്ധ സാഹചര്യങ്ങള്‍ വീണ്ടും ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വേനല്‍ക്കാല വിശ്രമത്തിനായി കാസ്റ്റല്‍ ഗന്ധോള്‍ഫോയിലെത്തിയ മാര്‍പാപ്പ, ജൂലൈ 12 ന് അവിടെവച്ച് നല്‍കിയ സന്ദേശത്തിലാണ് ലോകത്തെ അശാന്തിയിലേക്ക് തള്ളിയിടുന്ന സംഘര്‍ഷങ്ങള്‍ക്കെതിരെ ആശങ്ക അറിയിച്ചത്.

അടുത്തിടെ യു.എസും ഇറാനും തമ്മില്‍ വര്‍ധിച്ച് വരുന്ന സംഘര്‍ഷങ്ങളും ലെബനനിലെ പ്രതിസന്ധികളും മധ്യപൂര്‍വേഷ്യന്‍ മേഖലയില്‍ വലിയ ദുരിതമാണ് വിതയ്ക്കുന്നത്. ഇതോടൊപ്പം ഉക്രെയ്‌നിലെ ഖാര്‍കിവ്, ഡിനിപ്രോ, കീവ്, ഒഡെസ എന്നി നഗരങ്ങളില്‍ സമീപ ദിവസങ്ങളില്‍ നടന്ന തീവ്രമായ ആക്രമണങ്ങളും നിരപരാധികളുടെ ജീവനാണ് കവരുന്നത്. ആക്രമണങ്ങളും ഭീകരതയും മരണവും വീണ്ടും അതിന്റെ ഭയാനകമായ മുഖം വെളിപ്പെടുത്തുമ്പോള്‍ ധാരാളം സാധാരണക്കാരായ ജനങ്ങള്‍ ഇതിന് ഇരയാകേണ്ടിവരുന്നുവെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

ഏറെ ദുര്‍ബലമായ ഈ ഘട്ടത്തില്‍ പോലും പ്രത്യാശയുടെയും ശാന്തിയുടെയും ചെറിയ ജ്വാല അണഞ്ഞുപോകാന്‍ യുദ്ധത്തിന്റെ കാറ്റുകളെ അനുവദിക്കരുതെന്ന് അദേഹം ലോക നേതാക്കളോട് ആഹ്വാനം ചെയ്തു. ഭിന്നതകളും യുദ്ധ ഭീതിയും അകറ്റാന്‍ നയതന്ത്രവും പരസ്പര സംഭാഷണങ്ങളും മാത്രമാണ് ഏക മാര്‍ഗമെന്ന് ചൂണ്ടിക്കാണിച്ച മാര്‍പാപ്പ, നീതിപൂര്‍വവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള വഴിയില്‍ എല്ലാവരും സ്ഥിരോത്സാഹത്തോടെ മുന്നേറുമെന്ന പ്രത്യാശ പങ്കുവെക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.