പശ്ചിമബംഗാളിൽ കന്യാസ്ത്രീ മഠത്തിന് നേരെ ആൾക്കൂട്ട അതിക്രമം; സെമിത്തേരി പൊളിക്കണമെന്ന് ഭീഷണി

പശ്ചിമബംഗാളിൽ കന്യാസ്ത്രീ മഠത്തിന് നേരെ ആൾക്കൂട്ട അതിക്രമം; സെമിത്തേരി പൊളിക്കണമെന്ന് ഭീഷണി

കൊൽക്കത്ത: ബാരാസത്തിലുള്ള ഓക്സിലിയം സെലേഷ്യൻ സിസ്റ്റേഴ്‌സിന്റെ മഠത്തിലേക്ക് അതിക്രമിച്ചു കയറിയ അറുപതോളം വരുന്ന ആൾക്കൂട്ടം കന്യാസ്ത്രീകളെ വധഭീഷണി മുഴക്കിയതായി റിപ്പോർട്ട്. ജൂലൈ 12-നായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

മഠത്തിനുള്ളിൽ നിർമ്മാണത്തിലിരിക്കുന്ന മെമ്മോറിയൽ ചാപ്പലും സെമിത്തേരിയും ഉടൻ പൊളിച്ചുനീക്കിയില്ലെങ്കിൽ ആക്രമിക്കുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തി. സെമിത്തേരി നിർമ്മാണത്തിന് ആവശ്യമായ എല്ലാ സർക്കാർ അനുമതികളും മുൻകൂട്ടി ലഭിച്ചിരുന്നതാണെന്ന് ഓൾ ഇന്ത്യ കാത്തലിക് യൂണിയനും സെലേഷ്യൻ സിസ്റ്റേഴ്‌സും വ്യക്തമാക്കി.

എന്നാൽ, ഭരണമാറ്റത്തിന് ശേഷം ചിലർ ഈ പദ്ധതിക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. "നിങ്ങളുടെ ഭരണം അവസാനിച്ചു, ഇനി ഞങ്ങളുടെ ഭരണമാണ് നടക്കാൻ പോകുന്നത്" എന്ന് അക്രമികൾ കന്യാസ്ത്രീകളെ അധിക്ഷേപിച്ചതായും ഭയപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

നിയമപരമായ പ്രക്രിയകളെ ഭീഷണിയിലൂടെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്ന് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ആരോപിച്ചു. പശ്ചിമബംഗാളിലെ ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ വേട്ടയാടലുകളുടെ ഭാഗമായാണ് ഈ സംഭവത്തെ കാണേണ്ടതെന്നും സംഘടന ചൂണ്ടിക്കാട്ടി.

കന്യാസ്ത്രീകൾക്കും മഠത്തിനും അടിയന്തര സുരക്ഷയൊരുക്കണമെന്നും നിയമപ്രകാരം നിർമ്മിക്കുന്ന സെമിത്തേരിയുടെ പണി തടസമില്ലാതെ പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കത്തോലിക്കാ സംഘടനകൾ പശ്ചിമബംഗാൾ സർക്കാരിനെ സമീപിച്ചു. കൂടാതെ മഠത്തിൽ അതിക്രമിച്ചു കയറി കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തിയവർക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സംഘടനകൾ സർക്കാരിനോട് കർശനമായി ആവശ്യപ്പെട്ടു.

ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും സംസ്ഥാന സർക്കാർ ഇടപെട്ടില്ലെങ്കിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കൂടുതൽ ആക്രമണങ്ങൾക്ക് ഇത് കാരണമാകുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.. ഈ സംഭവത്തിൽ പശ്ചിമബംഗാൾ സർക്കാരോ പ്രാദേശിക പൊലീസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.