അമൃത്സര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പഞ്ചാബ് സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, പഞ്ചാബിലുടനീളം പ്രതിഷേധം സംഘടിപ്പിച്ച് കര്‍ഷക സംഘടനകള്‍.
നിര്‍ദ്ദിഷ്ട ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരേയും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കുള്ള താങ്ങു വിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി വേണമെന്നും ആവശ്യപ്പെട്ടാണ് സമരം.
അമൃത്സറിലെ ഗോള്‍ഡന്‍ ഗേറ്റില്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി (കെ.എം.എസ്.സി) പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. കര്‍ഷകരുടെയും തൊഴിലാളികളുടെയും ചെലവില്‍ കേന്ദ്രം കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നുവെന്നാണ് സംഘടനയുടെ പരാതി.
നിര്‍ദ്ദിഷ്ട ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ കര്‍ഷകര്‍ക്കും കാര്‍ഷിക തൊഴിലാളികള്‍ക്കും എങ്ങനെ പ്രയോജനപ്പെടുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. താങ്ങു വിലയ്ക്കുള്ള നിയമപരമായ ഗ്യാരണ്ടി വേണം. കൃഷിയില്‍ കോര്‍പ്പറേറ്റ് നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ പഞ്ചാബിലെ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം) നേതാവ് സര്‍വന്‍ സിങ് പന്ഥര്‍ അറിയിച്ചു. റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനം സ്വകാര്യവല്‍ക്കരണത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പാണെന്ന് അദേഹം ആരോപിച്ചു.
താങ്ങു വിലയ്ക്കുള്ള നിയമപരമായ ഗ്യാരണ്ടി, കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, നിര്‍ദ്ദിഷ്ട ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള ആശങ്കകളില്‍ വിശദീകരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും സമരമെന്നും പന്ഥര്‍ പറഞ്ഞു.
പ്രധാനമന്ത്രി പഞ്ചാബ് സന്ദര്‍ശിക്കുന്ന സാഹചര്യത്തില്‍, വര്‍ഷങ്ങളായി തടവിലായ സിഖ് തടവുകാരുടെ മോചനം, ഭാക്ര ബിയാസ് മാനേജ്മെന്റ് ബോര്‍ഡില്‍ പഞ്ചാബിന് അര്‍ഹമായ പ്രാതിനിധ്യം, നദീജല അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്യണമെന്നും പന്ഥര്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ഇന്ന് ചണ്ഡീഗഡിലും ജലന്ധറിലും സന്ദര്‍ശനം നടത്തുന്നുണ്ട്. അവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദേഹം നിര്‍വഹിക്കും. ഡല്‍ഹി അതിര്‍ത്തികളിലും പിന്നീട് ശംഭു, ഖനൗരി എന്നിവിടങ്ങളിലുമായി നടന്ന പ്രക്ഷോഭത്തിനിടെ 750 ലധികം കര്‍ഷകര്‍ മരിച്ചതിനെക്കുറിച്ച് ബിജെപി സര്‍ക്കാര്‍ ഒട്ടും ഉത്കണ്ഠപ്പെട്ടില്ലെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു.