ന്യൂയോര്‍ക്ക്: ലോകം ആകാംഷയോടെ കാത്തിരിക്കുന്ന അര്‍ജന്റീന-സ്‌പെയിന്‍ ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരം നിയന്ത്രിക്കാന്‍ സ്ലോവേനിയന്‍ റഫറി സ്ലാവ്കോ വിന്‍സിച്ചിനെ ഫിഫ തെരഞ്ഞെടുത്തു. ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ 19 ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 നാണ് മത്സരം.
കരിയറിലെ ഏറ്റവും വലിയ നിയോഗം ലഭിച്ചതിന്റെ സന്തോഷത്തില്‍ ഔദ്യോഗിക പ്രഖ്യാപന സമയത്ത് വിന്‍സിച്ച് വികാരാധീനനായി. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വെച്ച് റഫറി കിറ്റ് ഏറ്റുവാങ്ങുമ്പോഴായിരുന്നു അദേഹത്തിന് സന്തോഷം അടക്കാനാവാതെ വന്നത്.
ഫൈനല്‍ നിയന്ത്രിക്കാന്‍ വിന്‍സിച്ച് എത്തുമ്പോള്‍ അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് നേരിയ ആശങ്കയുണ്ട്. 2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന സൗദി അറേബ്യയോട് അട്ടിമറി തോല്‍വി (2-1) വഴങ്ങിയപ്പോള്‍ വിന്‍സിക്കായിരുന്നു മത്സരം നിയന്ത്രിച്ചിരുന്നത്. അന്ന് മെസിക്ക് അനുകൂലമായി പെനാല്‍റ്റി അനുവദിക്കുകയും സൗദി താരങ്ങള്‍ക്ക് ആറ് മഞ്ഞക്കാര്‍ഡുകള്‍ നല്‍കുകയും ചെയ്തിരുന്നെങ്കിലും അര്‍ജന്റീന ഞെട്ടിക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
അതേസമയം, സ്‌പെയിന്‍ ടീമിന് വിന്‍സിച്ചിനെ കുറിച്ച് മികച്ച ഓര്‍മ്മകളാണുള്ളത്. 2017 ലെ സൗഹൃദ മത്സരം മുതല്‍ അദേഹം സ്‌പെയിന്റെ മത്സരങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്. 2020 യൂറോ കപ്പിലും, 2023 യുവേഫ നേഷന്‍സ് ലീഗ് സെമി ഫൈനലിലും വിന്‍സിച്ചായിരുന്നു റഫറി. ലമീന്‍ യമാല്‍ സീനിയര്‍ ടീമില്‍ എത്തിയ ശേഷം യൂറോ 2024 ല്‍ ഇറ്റലിക്കും (1-0), സെമി ഫൈനലില്‍ ഫ്രാന്‍സിനുമെതിരായ സ്‌പെയിന്റെ നിര്‍ണായക വിജയങ്ങളിലും വിന്‍സിച്ച് തന്നെയായിരുന്നു മത്സരം നിയന്ത്രിച്ചത്.
2010 മുതല്‍ ഫിഫ ലിസ്റ്റിലുള്ള വിന്‍സിച്ച് യൂറോപ്പിലെ തന്നെ ഏറ്റവും പരിചയസമ്പന്നരായ റഫറിമാരില്‍ ഒരാളാണ് വിന്‍സിച്ച്. 2024 ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഉള്‍പ്പെടെ നിരവധി സുപ്രധാന മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്.
നിലവിലെ ലോകകപ്പില്‍ മെക്‌സിക്കോ-ഇക്വഡോര്‍ പോരാട്ടം ഉള്‍പ്പെടെ മൂന്ന് കളികളില്‍ അദേഹം റഫറിയായി. മെക്‌സിക്കോ വിജയിച്ച ഈ മത്സരത്തില്‍ ഫിഫയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇക്വഡോര്‍ താരം പിയറോ ഹിന്‍കാപ്പിക്ക് അദേഹം ചുവപ്പ് കാര്‍ഡ് നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.
വിന്‍സിച്ചിനൊപ്പം സ്ലോവേനിയയില്‍ നിന്നുതന്നെയുള്ള ടോമാസ് ക്ലാന്‍ച്നിക്, ആന്‍ഡ്രാസ് കോവാസിക് എന്നിവര്‍ അസിസ്റ്റന്റ് റഫറിമാരായി കളത്തിലുണ്ടാകും. പത്ത് വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര തലത്തില്‍ ഇവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ജോര്‍ദാനില്‍ നിന്നുള്ള അദാം മഖദ്മേഹ് ആണ് നാലാം റഫറി. മുഹമ്മദ് അല്‍ഖലാഫ് റിസര്‍വ് അസിസ്റ്റന്റ് റഫറിയായും പ്രവര്‍ത്തിക്കും.