സംസ്ഥാനത്തെ ആശുപത്രികള്‍ ഇനി കൂടുതല്‍ രോഗീസൗഹൃദമാകും; ജീവനക്കാര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത പരിശീലനവുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ ആശുപത്രികള്‍ ഇനി കൂടുതല്‍ രോഗീസൗഹൃദമാകും; ജീവനക്കാര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത പരിശീലനവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ജീവനക്കാര്‍ക്കായി നിര്‍ബന്ധിത പരിശീലന പരിപാടി ആവിഷ്‌കരിച്ച് ആരോഗ്യ വകുപ്പ്. താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ ഒഴികെയുള്ള ജീവനക്കാര്‍ക്കാണ് ഈ പ്രത്യേക പരിശീലനം നല്‍കുന്നത്.

ആശുപത്രികളിലെ ജീവനക്കാരുടെ മോശം പെരുമാറ്റം, ആശയ വിനിമയത്തിലെ പാളിച്ചകള്‍ എന്നിവയെക്കുറിച്ച് രോഗികളില്‍ നിന്നും കൂട്ടിരിപ്പുകാരില്‍ നിന്നും നിരന്തരം പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രോഗി പരിചരണം, പബ്ലിക് റിലേഷന്‍സ്, പ്രൊഫഷണല്‍ എത്തിക്‌സ്, പരാതി പരിഹാരം എന്നി പ്രധാന വിഷയങ്ങളില്‍ ഊന്നിയാണ് പരിശീലന പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയില്‍ 10 പേരടങ്ങുന്ന ചെറിയ ബാച്ചുകളായാവും 10 ദിവസം നീളുന്ന ഈ പരിശീലനം നല്‍കുക. നിര്‍ദിഷ്ട സമയത്തിനകം ഈ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കാത്ത ജീവനക്കാരെ ജോലിയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ആരോഗ്യവകുപ്പ്.

രണ്ട് മാസത്തിനകം സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാരുടെയും പരിശീലനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജില്ലാ-ജനറല്‍ ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍, താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രികള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലെയും ജീവനക്കാര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

മെഡിക്കല്‍ കോളജ് ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനായി ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കുന്ന നാല് ഉദ്യോഗസ്ഥര്‍ക്ക് അപെക്‌സ് ട്രോമ ആന്‍ഡ് എമര്‍ജന്‍സി ലേണിങ് സെന്റര്‍ വഴി ആദ്യം പ്രത്യേക പരിശീലനം നല്‍കും. തുടര്‍ന്ന് ഇവരുടെ നേതൃത്വത്തിലാവും അതത് മെഡിക്കല്‍ കോളജുകളിലെ മറ്റ് ജീവനക്കാര്‍ക്കുള്ള ക്ലാസുകള്‍ സംഘടിപ്പിക്കുക.

ആശുപത്രികളില്‍ എത്തുന്ന രോഗികളുമായും സന്ദര്‍ശകരുമായും ആദ്യം സമ്പര്‍ക്കത്തില്‍ വരുന്ന സുരക്ഷാ ജീവനക്കാരുടെ പെരുമാറ്റ രീതികള്‍ക്ക് ഈ പദ്ധതിയില്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ താല്‍കാലിക, കരാര്‍, ഔട്ട്‌സോഴ്‌സിങ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ ജീവനക്കാരും ഈ പരിശീലനം നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ടതും സമാധാനപരവുമായ അന്തരീക്ഷത്തില്‍ മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കാന്‍ ഈ പുതിയ ചുവടുവെപ്പ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.