ഇറാന്‍-യു.എസ് സംഘര്‍ഷം ജനവാസ മേഖലകളിലേക്ക്; സിറിയയിലെ യു.എസ് താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആദ്യ മിസൈലാക്രമണം

ഇറാന്‍-യു.എസ് സംഘര്‍ഷം ജനവാസ മേഖലകളിലേക്ക്; സിറിയയിലെ യു.എസ് താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആദ്യ മിസൈലാക്രമണം

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ ഇറാന്‍-യു.എസ് സൈനിക സംഘര്‍ഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുന്നു. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ആദ്യമായി സിറിയയിലെയും ജോര്‍ദാനിലെയും യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നേരിട്ട് മിസൈലാക്രമണം നടത്തി. സിറിയയിലെ തന്‍ഫ് യു.എസ് താവളത്തിന് നേരെയായിരുന്നു ഇറാന്റെ പ്രധാന ആക്രമണം. ആക്രമണത്തില്‍ യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടെങ്കിലും അമേരിക്കയും സിറിയയും ഈ വാദം ശക്തമായി നിഷേധിച്ചു.

ഇറാന്‍ തൊടുത്തുവിട്ട മിസൈലുകള്‍ തങ്ങള്‍ വെടിവച്ചിട്ടതായി ജോര്‍ദാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരു വിഭാഗവും ജനവാസ മേഖലകളെ പോലും ലക്ഷ്യമിട്ട് വ്യോമാക്രമണങ്ങള്‍ ശക്തമാക്കിയതോടെ മേഖല പൂര്‍ണമായ യുദ്ധ ഭീതിയിലാണ്.

അതേസമയം ഇറാന്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് അമേരിക്കന്‍ സേന നല്‍കുന്നത്. തെക്കന്‍ ഇറാനിലെ തന്ത്രപ്രധാനമായ ബന്തര്‍ ഖമീര്‍ തുറമുഖത്തെ അഞ്ച് പ്രധാന പാലങ്ങള്‍ യു.എസ് ബോംബാക്രമണത്തില്‍ തകര്‍ത്തു. ഇതിനുപുറമേ ഇറാന്റെ ഒരു റെയില്‍വേ സ്റ്റേഷനിലും പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇറാന്‍ഷര്‍ പ്രവിശ്യയിലെ വിമാനത്താവളത്തിലും യു.എസ് ശക്തമായ വ്യോമാക്രമണം നടത്തി. ജനവാസ മേഖലകളിലേക്ക് കൂടി വ്യാപിച്ച ഈ ആക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ നീക്കങ്ങള്‍ക്ക് മറുപടിയായി കുവൈറ്റിലെ നിര്‍ണായക വൈദ്യുതനിലയവും ജലശുദ്ധീകരണ പ്ലാന്റും ഇറാന്‍ ലക്ഷ്യമിട്ടു. ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാന്‍ തുറമുഖത്ത് നിന്നുള്ള എണ്ണക്കപ്പല്‍ യു.എസ് നാവികസേന പിടിച്ചെടുത്തിട്ടുണ്ട്. ഇതിനിടെ ഒമാന്‍ തീരത്ത് വച്ച് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഒരു വാണിജ്യ കപ്പല്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. വരും ദിവസങ്ങളില്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.