നിരാഹാര സമരം 21-ാം ദിവസം: സോനം വാങ്ചുക്കിനെ ജന്തര്‍ മന്തറില്‍ നിന്ന് പൊലീസ് ആശുപത്രിയിലേക്ക് മാറ്റി

നിരാഹാര സമരം 21-ാം ദിവസം: സോനം വാങ്ചുക്കിനെ ജന്തര്‍ മന്തറില്‍ നിന്ന് പൊലീസ് ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ നിരാഹാര സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ ഡല്‍ഹി പൊലീസ് സമരവേദിയില്‍ നിന്ന് നീക്കി ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടന്നതോടെ വാങ്ചുക്കിന്റെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്നാണ് ശനിയാഴ്ച പുലര്‍ച്ചെയോടെ പൊലീസ് ഇടപെടല്‍ ഉണ്ടായത്.

മെഡിക്കല്‍ വിദഗ്ധരുടെ കര്‍ശന നിര്‍ദേശവും ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവും പരിഗണിച്ചാണ് അദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഡല്‍ഹി പൊലീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി ജന്തര്‍ മന്തറിലെ പ്രതിഷേധസ്ഥലത്ത് നിന്ന് സമാധാനപരമായി പിരിഞ്ഞുപോകാന്‍ സമരക്കാരോട് പൊലീസ് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ പൊലീസിന്റേത് ജനാധിപത്യവിരുദ്ധമായ അടിച്ചമര്‍ത്തലാണെന്ന ആരോപണവുമായി പ്രതിഷേധക്കാര്‍ രംഗത്തെത്തി. സോനം വാങ്ചുക്കിനെ പൊലീസ് ബലം പ്രയോഗിച്ചാണ് കൊണ്ടുപോയതെന്നും സമരവേദിയിലുണ്ടായിരുന്ന കോക്രോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെ ഉള്‍പ്പെടെയുള്ള ആളുകളെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും സമരക്കാര്‍ ആരോപിച്ചു. വാങ്ചുക്കിനെ മാറ്റിയെങ്കിലും നീറ്റ് ക്രമക്കേടിനെതിരെയുള്ള തങ്ങളുടെ പ്രതിഷേധം ശക്തമായി തുടരുമെന്നാണ് സമരക്കാരുടെ നിലപാട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.