ന്യൂയോര്‍ക്ക്: ലോകം കാത്തിരിക്കുന്ന അര്‍ജന്റീന-സ്‌പെയിന്‍ ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, മത്സരം നിയന്ത്രിക്കുന്ന റഫറി സ്ലാവ്‌കോ വിന്‍സിച്ചിന് കൃത്യമായ മുന്നറിയിപ്പുമായി സ്പാനിഷ് പരിശീലകന്‍ ലൂയിസ് ഡെ ലാ ഫ്യുയന്റെ. ഫൈനല്‍ മത്സരത്തില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും കാണിക്കരുതെന്ന് അദേഹം ആവശ്യപ്പെട്ടു.
റഫറിയും വീഡിയോ അസിസ്റ്റന്റ് റഫറിയും നിയമപുസ്തകം കൃത്യമായി പാലിച്ച് വേണം കളി നിയന്ത്രിക്കാനെന്നും, ഫുട്‌ബോളിന്റെ പരിധി ലംഘിക്കാന്‍ ഒരു ടീമിനെയും അനുവദിക്കരുതെന്നും ഡെ ലാ ഫ്യുയന്റെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഈ ലോകകപ്പിലുടനീളം റഫറിയിങ് തീരുമാനങ്ങളും വാറും വലിയ രീതിയില്‍ വിഴുപ്പലക്കലുകള്‍ക്ക് കാരണമായ പശ്ചാത്തലത്തിലാണ് സ്പാനിഷ് പരിശീലകന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. കിരീടപ്പോരാട്ടത്തില്‍ റഫറിയുടെ പ്രകടനം നിര്‍ണായക ഘടകമാണെന്ന് ചൂണ്ടിക്കാണിച്ച അദേഹം, നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഫറിമാരില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്ക് ന്യൂജഴ്‌സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഞായറാഴ്ച അര്‍ധരാത്രിയാണ് സ്വപ്ന ഫൈനല്‍ അരങ്ങേറുന്നത്.
നാല്‍പത്തിയാറുകാരനായ സ്ലൊവേനിയന്‍ റഫറി സ്ലാവ്‌കോ വിന്‍സിച്ചിന്റെ കരിയറിലെ ഏറ്റവും വലിയ മത്സരമാണിത്. ടോമാസ് ക്ലാന്‍ച്നിക്, ആന്‍ഡ്രാസ് കോവാസിക് എന്നിവര്‍ അസിസ്റ്റന്റ് റഫറിമാരായും അദാം മഖദ്‌മെഹ് നാലാം റഫറിയായും ഫൈനല്‍ നിയന്ത്രിക്കാന്‍ വിന്‍സിച്ചിനൊപ്പമുണ്ടാകും.
മുന്‍പ് 2022 ലെ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ മത്സരം നിയന്ത്രിച്ചത് ഇതേ വിന്‍സിച്ച് ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. അന്ന് അര്‍ജന്റീനയ്ക്ക് അനുകൂലമായി അദേഹം പെനാല്‍റ്റി വിധിച്ചിരുന്നെങ്കിലും, അവരുടെ നീണ്ട വിജയ കുതിപ്പിന് വിരാമമിട്ട മത്സരത്തിന്റെ ഓര്‍മ്മകളുമായാണ് റഫറി വീണ്ടും അര്‍ജന്റീനയുടെ മത്സരത്തിനായി വിസില്‍ ഊതാന്‍ ഒരുങ്ങുന്നത്.