ജനീവ: സുഡാനിലെ അൽ-ഉബൈദ് നഗരത്തിൽ ആഭ്യന്തര യുദ്ധത്തെത്തുടർന്നുണ്ടായ ജനങ്ങളുടെ കൂട്ടപലായനവും രൂക്ഷമായ ഭക്ഷ്യക്ഷാമവും സ്ഥിതിഗതികളെ അതീവ വഷളാക്കിയതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ഉണ്ടായ അക്രമങ്ങൾക്ക് സമാനമായ സാഹചര്യമാണ് നിലവിൽ നഗരത്തിലുള്ളതെന്ന് യു.എൻ അധികൃതർ വ്യക്തമാക്കി.
യുദ്ധം രൂക്ഷമായ മറ്റു പ്രദേശങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ അഭയം തേടിയെത്തിയതോടെ അൽ-ഉബൈദ് നഗരത്തിലെ ജനസംഖ്യ ഇരട്ടിയായി വർദ്ധിച്ചു. ഇതിനെത്തുടർന്ന് കടുത്ത ഭക്ഷ്യക്ഷാമം, കുടിവെള്ളക്ഷാമം, ഇന്ധനക്ഷാമം എന്നിവ നഗരത്തെ തകർത്തിരിക്കുകയാണ്.
ദുരിതാശ്വാസ ക്യാമ്പുകളിൽ മാത്രം 120,000 ലധികം ആളുകൾ അതിദയനീയമായ സാഹചര്യത്തിലാണ് കഴിയുന്നത്. യു.എൻ സുഡാൻ ഡയറക്ടർ അബ്ദുള്ള അൽവർദത്ത് നഗരം നേരിട്ട് സന്ദർശിച്ചാണ് ഈ വിവരങ്ങൾ സ്ഥിരീകരിച്ചത്. ഭക്ഷണസാമഗ്രികളുടെ ലഭ്യതക്കുറവ് കാരണം എത്തുന്നവരിൽ വളരെ കുറച്ചുപേർക്ക് മാത്രമേ സഹായം എത്തിക്കാൻ സാധിക്കുന്നുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
2023 ഏപ്രിൽ മുതൽ സുഡാൻ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ തുടരുന്ന ആഭ്യന്തര യുദ്ധം രാജ്യത്തെ വലിയൊരു മാനുഷിക ദുരന്തത്തിലേക്കാണ് തള്ളിയിട്ടത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ രണ്ട് ലക്ഷത്തോളം പേർ കൊല്ലപ്പെടുകയും ഒരു കോടിയിലധികം ജനങ്ങൾ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരികയും ചെയ്തു.
വരും ദിവസങ്ങളിൽ സാഹചര്യം അനുകൂലമായാൽ 250,000-ലധികം ആളുകളിലേക്ക് സഹായം എത്തിക്കാനുള്ള ശ്രമത്തിലാണ് ഐക്യരാഷ്ട്രസഭ. ഇതിനായി കൂടുതൽ റേഷൻ ശേഖരം ഒരുക്കുന്നതായും സംഘടന അറിയിച്ചു.