കൊച്ചി: തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ടും കൊല്ലം ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയും (SGOU) തമ്മിലുള്ള ധാരണാപത്രം (MoU) എറണാകുളം ബ്രോഡ്‌വേയിലുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ നടന്നു.
ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ചാന്‍സലറും തലശേരി ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. അറിവും മൂല്യങ്ങളും കൈകോര്‍ക്കുമ്പോഴാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം സാധ്യമാകുന്നതെന്ന് അദേഹം പറഞ്ഞു. ശങ്കരാചാര്യരുടെ താത്വിക നിലപാടുകളെക്കാള്‍ ശ്രീനാരായണഗുരുവിന്റെ മാനുഷിക നിലപാടുകളാണ് നവോഥാനത്തിന് ഗതിവേഗം കൂട്ടിയതെന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. ഡോ.അഭിലാഷ് ബാബുവും ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഫാ. ഡോ. ഫിലിപ്പ് കവിയിലും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജഗതിരാജ് വി. പി ഉദ്ഘാടനം നിര്‍വഹിച്ചു.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും സമൂഹത്തോടുള്ള പ്രതിബദ്ധതയും ശക്തിപ്പെടുത്തുന്ന സുപ്രധാന ചുവടുവെപ്പാണ് ഈ ധാരാണാപത്രമെന്ന് അദേഹം പറഞ്ഞു. വിദ്യാര്‍ഥി കേന്ദ്രീകൃതവും പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള കോഴ്‌സ്‌കള്‍ ഡിസൈന്‍ ചെയ്യുന്നതിന് സര്‍വകലാശാല പ്രതിജ്ഞബദ്ധമാണെന്നും അദേഹം പറഞ്ഞു.
സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജി. സുഗുണന്‍, ഡോ. റെനി സെബാസ്റ്റ്യന്‍, യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. അഭിലാഷ് ബാബു, യൂണിവേഴ്‌സിറ്റി അക്കാഡെമിക്‌സ് സെക്ഷന്‍ ഓഫീസര്‍ റോബിന്‍ സേവ്യര്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. ജാന്‍ എലിസബത്ത് ജോസഫ്, സുബിന്‍ ആന്റണി മെഹര്‍ റൈനോള്‍ഡ്, കോട്ടയം സെന്റ് തോമസ് സെമിനാരി വൈസ് റെക്ടര്‍ ഡോ. മനു മാപ്പിളപറമ്പില്‍, ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് കണ്‍ട്രോളര്‍ ഓഫ് എക്‌സമിനേഷന്‍ ഡോ. സിസ്റ്റര്‍ റോസ്ലറ്റ് എന്നിവര്‍ പ്രസംഗിച്ചു.
ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഡീന്‍ ഓഫ് സ്റ്റഡിസ് ഡോ. ജോസഫ് കാക്കരമറ്റത്തില്‍ സ്വാഗതവും തലശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍ നന്ദിയും പറഞ്ഞു.