നാഗാലാന്‍ഡില്‍ പ്രകൃതിക്ഷോഭം: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

നാഗാലാന്‍ഡില്‍ പ്രകൃതിക്ഷോഭം: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

കോഹിമ: നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മിന്നല്‍ പ്രളയത്തിലും വന്‍ നാശനഷ്ടം. ദുരന്തത്തില്‍ കുട്ടികളടക്കം എട്ട് പേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക വിവരം. മണ്‍കൂനകള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന ആശങ്കയിലാണ് അധികൃതര്‍.
മോണ്‍ ജില്ലാ ആസ്ഥാനമായ മോണ്‍ ടൗണ്‍, ടിസിറ്റ് തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രകൃതിക്ഷോഭം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആരംഭിച്ച അതിശക്തമായ മഴയാണ് മലയോര മേഖലകളില്‍ പെട്ടെന്നുള്ള ഉരുള്‍പൊട്ടലിനും മിന്നല്‍ പ്രളയത്തിനും കാരണമായത്. മണ്ണിടിച്ചിലില്‍ പതിനഞ്ചോളം വീടുകള്‍ പൂര്‍ണമായി തകരുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റോഡുകളില്‍ വന്‍തോതില്‍ മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് പ്രദേശത്തേക്കുള്ള ഗതാഗതവും ആശയവിനിമയ സംവിധാനങ്ങളും പൂര്‍ണമായും വിച്ഛേദിക്കപ്പെട്ട നിലയിലാണ്.

ദുരന്തത്തില്‍ പരിക്കേറ്റ പന്ത്രണ്ടിലധികം ആളുകളെ നിലവില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, നാഗാലാന്‍ഡ് പൊലീസ്, അസം റൈഫിള്‍സ് എന്നിവര്‍ പ്രാദേശിക കൂട്ടായ്മകളുമായി ചേര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍ നിര്‍ത്താതെ പെയ്യുന്ന മഴയും ദുര്‍ഘടമായ ഭൂപ്രകൃതിയും രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

അപകട മേഖലകളില്‍ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി മോണ്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വെന്യീ കൊന്യാക് അറിയിച്ചു. നാഗാലാന്‍ഡില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം നിര്‍ദേശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.