പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു; ലോകമെമ്പാടുമുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു; ലോകമെമ്പാടുമുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

വാഷിങ്ടണ്‍: ഇറാനില്‍ തുടര്‍ച്ചയായി പത്താം ദിവസവും യുഎസിന്റെ കനത്ത ആക്രമണം തുടരുന്നതിനിടെ ലോകമെമ്പാടുമുള്ള അമേരിക്കന്‍ പൗരന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കി.

പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ അതീവ സങ്കീര്‍ണമാണ്. സംഘര്‍ഷ വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. പശ്ചിമേഷ്യക്ക് പുറത്തുള്ള അമേരിക്കക്കാര്‍ ആ മേഖലയിലൂടെ യാത്ര ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദേശമുണ്ട്.

ലോകമെമ്പാടുമുള്ള യുഎസ് നയതന്ത്ര സ്ഥാപനങ്ങളെയോ, അമേരിക്കയുമായി ബന്ധപ്പെട്ട സ്ഥലങ്ങളെയോ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നതായും സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് മുന്നറിയിപ്പ് നല്‍കി.

ഇതിനിടെ ഇറാന്‍ പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യുഎസ് വ്യോമതാവളങ്ങളും കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്ന കുവൈറ്റ്, ജോര്‍ദാന്‍, ബഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ വലിയ തോതില്‍ ആക്രമണങ്ങള്‍ തുടരുകയാണ്.

ഹോര്‍മുസ് കടലിടുക്കില്‍ ഒമാന്‍, യു.എ.ഇ തീരങ്ങള്‍ക്ക് സമീപത്തുകൂടി കടന്നുപോയ രണ്ട് വിദേശ എണ്ണക്കപ്പലുകള്‍ക്ക് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായി. അതേസമയം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനും ഇറാന്റെ വ്യോമപ്രതിരോധ-മിസൈല്‍ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനുമായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കഴിഞ്ഞ രാത്രിയിലും ഇറാനില്‍ ശക്തമായ ആക്രമണം നടത്തി.

ഇറാനിലെ തബ്രിസ്, ബന്ദര്‍ അബ്ബാസ്, ഖെഷം ദ്വീപ് തുടങ്ങി നിരവധി പ്രവിശ്യകളിലെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടു. രാജ്യം ഇപ്പോള്‍ യുഎസുമായി പൂര്‍ണതോതിലുള്ള യുദ്ധത്തിലാണെന്നാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.