നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: ആരെയും വെറുതേ വിടില്ല, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കും; വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: ആരെയും വെറുതേ വിടില്ല, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കും; വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നടന്ന സംഭവങ്ങള്‍ തികച്ചും ഒരു മഹാപാപമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇനി ഒരു കാരണവശാലും ഇത്തരം ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു.

എന്‍ഡിഎ ജനപ്രതിനിധികള്‍ യുവാക്കളെ നേരില്‍ കണ്ട് അവരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. 'മംഗള്‍ മിലന്‍' എന്ന് പേരിട്ടിരിക്കുന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

വിദ്യാര്‍ത്ഥികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കണമെന്ന് പ്രധാനമന്ത്രി ജനപ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ നല്‍കുമെന്നും മോഡി ഉറപ്പുനല്‍കി.

എന്നാല്‍ പ്രതിപക്ഷത്തിന്റെ ഗൂഢാലോചനകളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രാജ്യമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രോഷാകുലരായിരിക്കുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയം. ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്ന പരീക്ഷയായതിനാല്‍ തന്നെ ചോദ്യപേപ്പര്‍ ചോര്‍ച്ച വാര്‍ത്ത വലിയൊരു ദേശീയ വിഷയമായി മാറുകയായിരുന്നു.

പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും സംബന്ധിച്ച് പാര്‍ലമെന്റിനകത്തും പുറത്തും നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ഇന്നലെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തിന് മുന്നോടിയായുള്ള പ്രസംഗത്തില്‍ ഇന്ത്യയിലെ യുവജനങ്ങള്‍ കൈവരിക്കുന്ന പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.