പെർത്ത്: വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അപൂർവ സംഗമമായ 'സീറോ-മലബാർ സാംസ്കാരിക പൈതൃക പ്രദർശനം 2026' ജൂലൈ 24, 25, 26 തീയതികളിൽ ഓസ്ട്രേലിയയിലെ പെർത്തിൽ നടക്കും.
ഓറഞ്ച് ഗ്രോവിലുള്ള സെന്റ് ജോസഫ് സീറോ-മലബാർ ഇടവകയാണ് പ്രദർശനത്തിന് ആതിഥേയത്വം വഹിക്കുന്നത്. കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ എല്ലാ ഭക്തസംഘടനകളുടെയും സഹകരണത്തോടെയാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
ഈ പ്രദർശനത്തിലൂടെ വിശുദ്ധ തോമാശ്ലീഹായുടെ അപ്പസ്തോലിക ദൗത്യം സീറോ-മലബാർ സഭയുടെ ഉത്ഭവവും വളർച്ചയും തനിമയാർന്ന ആരാധനാ പാരമ്പര്യങ്ങളും കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ഒപ്പം ഓസ്ട്രേലിയയിലെ സീറോ-മലബാർ സമൂഹത്തിന്റെ വളർച്ചയും അടുത്തറിയാൻ ഏവർക്കും അവസരമൊരുങ്ങുന്നു.
ജൂലൈ 24 ന് വൈകുന്നേരം 4.30ന് മെൽബൺ രൂപതാധ്യക്ഷൻ മാർ ജോൺ പനന്തോട്ടത്തിൽ നാടമുറിച്ച് എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് 7.30ന് നടക്കും.
ജൂലൈ 24ന് വൈകുന്നേരം 4.30 മുതൽ ആറ് വരെയും ജൂലൈ 25 ന് രാവിലെ 10. 30 മുതൽ വൈകുന്നേരം 4:30 വരെയും ജൂലൈ 26 ന് രാവിലെ 10. 30 മുതൽ വൈകുന്നേരം 4. 00 വരെയുമാണ് പ്രദർശന സമയം.
ഒരുക്കങ്ങൾ പൂർത്തിയായതായി കത്തോലിക്കാ കോൺഗ്രസ് സംഘാടക സമിതി അറിയിച്ചു. മെൽബൺ രൂപതാധ്യക്ഷൻ മാർ ജോൺ പനന്തോട്ടത്തിൽ, വികാരി ഫാദർ അജിത് ചെര്യേക്കര, അസിസ്റ്റന്റ് വികാരി ഫാദർ ജിതിൻ ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിച്ചിരിക്കുന്നത്.
വിശുദ്ധ തോമാസ്ലീഹായിൽ നിന്നാരംഭിക്കുന്ന സഭയുടെ അപ്പസ്തോലിക പാരമ്പര്യം മുതൽ ഇന്നുവരെയുള്ള വിശ്വാസയാത്രയാണ് പ്രദർശനത്തിന്റെ കേന്ദ്രവിഷയം. ചരിത്രരേഖകൾ, പുരാവസ്തുക്കൾ, വിശുദ്ധരുടെ തിരുശേഷിപ്പുകൾ, ചിത്രങ്ങൾ, ഫോട്ടോ പ്രദർശനങ്ങൾ, ആരാധനാക്രമവുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവയിലൂടെ സഭയുടെ സമ്പന്നമായ പൈതൃകം സന്ദർശകർക്ക് പരിചയപ്പെടുത്തും. കൂടാതെ നാടൻ ക്രിസ്തീയ ഭക്ഷണവിഭവങ്ങളുടെ വിപണനവും പ്രദർശനവും ഈ മേളയുടെ പ്രത്യേകതയായി ഉണ്ടായിരിക്കും.
കുടുംബസമേതം ഈ ആത്മീയ-സാംസ്കാരിക അനുഭവത്തിൽ പങ്കുചേരാൻ ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.