'ഗുരുതര വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം അപര്യാപ്തം'; ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കാതെ ജന്തര്‍ മന്തിര്‍ വിടില്ലെന്ന് സിജെപി

'ഗുരുതര വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം അപര്യാപ്തം'; ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കാതെ ജന്തര്‍ മന്തിര്‍ വിടില്ലെന്ന് സിജെപി

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയെ തള്ളി ജന്തര്‍ മന്തിറില്‍ സമരം നടത്തുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി. ഇത്രയും ഗുരുതരമായ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം അപര്യാപ്തമെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കാതെ ജന്തര്‍ മന്തര്‍ വിട്ടുപോകില്ലെന്നും സിജെപി വക്താവ് അശുതോഷ് രങ്ക പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ സമരം തുടങ്ങി ഒന്നര മാസത്തിന് ശേഷമെങ്കിലും പ്രധാനമന്ത്രി പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്നും അശുതോഷ് അഭിപ്രായപ്പെട്ടു. ഒന്നര മാസത്തെ യുവജന പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് പ്രധാനമന്ത്രി ഇക്കാര്യം ശ്രദ്ധിച്ചത്.

ഒരുപക്ഷേ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയായി ഇന്ത്യയില്‍ തിരിച്ചെത്തിയതു കൊണ്ടാകാം. എന്തായാലും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു എന്നത് നല്ല കാര്യം. പക്ഷെ തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളിലെ പ്രധാന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടാതെ അവശേഷിക്കുകയാണെന്നും അശുതോഷ് രങ്ക പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ന്നതിന് ശേഷം എന്ത് ശിക്ഷ നല്‍കിയാലും അത് ചോര്‍ച്ചയെന്ന പ്രശ്നം പരിഹരിക്കാന്‍ പോകുന്നില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച എന്തുകൊണ്ട് സംഭവിക്കുന്നു എന്നതാണ് പ്രധാന ചോദ്യം. അതിനാണ് മറുപടി ലഭിക്കേണ്ടത്.

ശിക്ഷ നല്‍കുക എന്നത് പരിക്കിന് മരുന്നു പുരട്ടുന്നതു പോലെയാണ്, പരിക്കുണ്ടാകാതെ തടയുക എന്നതാണ് പ്രധാനം. സിസ്റ്റം നടത്തുന്നവര്‍ ഉത്തരവാദിത്തമോ കഴിവോ ഇല്ലാത്തവരായതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും അശുതോഷ് രങ്ക കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ എക്സ് കുറിപ്പിലെ 'നത്തിങ്' കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ആണെന്ന് പരിഹസിച്ചുകൊണ്ടാണ് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെയുടെ പ്രതികരണം. ധര്‍മ്മേന്ദ്ര പ്രധാന്റെ ചിത്രത്തില്‍ ഹായ്, എന്റെ പേര് നത്തിങ് എന്നാണ് ദീപ്കെ എക്സില്‍ കുറിച്ചത്. പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു.

അതിനിടെ, സിജെപി സമരത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ട നടപടിയെ വിമര്‍ശിച്ച് സുപ്രീം കോടതി. ഉച്ചയ്ക്ക് ശേഷം മെട്രോ സ്റ്റേഷന്‍ തുറന്നില്ലെങ്കില്‍ കോടതി ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സമരത്തിന് യുവാക്കള്‍ എത്തുന്നത് തടയുക ലക്ഷ്യമിട്ടാണ് മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുകയും അധികൃതര്‍ ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.