എയ്‌ഡഡ് സ്‌കൂൾ നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നടത്താനുള്ള നിർദേശം അംഗീകരിക്കാനാവില്ല: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

എയ്‌ഡഡ് സ്‌കൂൾ നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നടത്താനുള്ള നിർദേശം അംഗീകരിക്കാനാവില്ല: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

കൊച്ചി: കേരളത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജുമെന്റുകളുടെ അവകാശങ്ങൾ ഹനിക്കുന്ന രീതിയിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ വ്യക്തമാക്കി. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള എയ്ഡഡ് മാനേജ്മെന്റുകളാണ് ഗുണനിലവാരമുള്ള അധ്യയനം ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ ഉത്തരവാദിത്തം പങ്കിടുന്നത്.

എയ്ഡഡ് സ്കൂളുകളിൽ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് ദിവസവേതന/താൽകാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നൽകുന്ന ലിസ്റ്റിൽ നിന്നും നടത്തണമെന്നാണ് കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ 15/07/2026 തീയതിയിലെ സർക്കുലറിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 27/06/2026 ലെ കത്താണ് ഇതിനായി അവലംബിച്ചിരിക്കുന്നത്.

ഭരണഘടനാപരമായ ന്യൂനപക്ഷാവകാശങ്ങൾക്കും മാനേജുമെന്റിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിനും വിരുദ്ധമായ ഈ നിർദേശം അംഗീകരിക്കാൻ കഴിയില്ലെന്ന് സീറോമലബാർ സഭ പിആർഒ ഫാ. ഡോ. ടോം ഓലിക്കരോട്ട് പ്രസ്താവനയിലൂടെ അറിയിച്ചു. വിഷത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനവും അനുബന്ധ നടപടികളും സർക്കാർ അടിയന്തരമായി റദ്ദാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.