അബുജ: നൈജീരിയയിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സ്കൂൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും ദാരുണ സംഭവത്തിൽ നീതി നടപ്പാകുന്നു. ഒയോ സംസ്ഥാനത്തെ സ്കൂളുകളിൽ നിന്ന് തട്ടിക്കൊണ്ടുപോകൽ നടത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് അബുജ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
നിരോധിത ഇസ്ലാമിക് ഭീകരസംഘടനയായ ബോക്കോ ഹറാമിന്റെ അനുബന്ധ വിഭാഗത്തിൽപ്പെട്ട അബ്ദുൽറസാഖ് ഉമർ, യൂനുസ മൂസ, ഷംസു ആദം സാനി എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. തീവ്രവാദ പരിശീലനം നൽകിയതും ആക്രമണ വിവരങ്ങൾ മറച്ചുവെച്ചതും ഇവർ കോടതിയിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ മെയ് മാസത്തിലാണ് ഒയോ സംസ്ഥാനത്തെ ഒരീരെ ജില്ലയിലെ മൂന്ന് സ്കൂളുകളിൽ നിന്ന് തോക്കുധാരികളായ ഭീകരർ വിദ്യാർഥികളെയും അധ്യാപകരെയും ബന്ദികളാക്കി കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയത്.
തുടർന്ന് 56 ദിവസത്തോളം നീണ്ട കാട്ടുതടങ്കലിനൊടുവിൽ സൈന്യം നടത്തിയ ധീരമായ രക്ഷാപ്രവർത്തനത്തിലൂടെയാണ് 44 പേരെ സുരക്ഷിതമായി മോചിപ്പിച്ചത്. എന്നാൽ മോചനദ്രവ്യം ഈടാക്കാനായി ഭീകരർ ക്രൂരമായ മാർഗങ്ങളാണ് അവലംബിച്ചത്. തടങ്കലിൽ കഴിയുന്നതിനിടയിൽ രണ്ട് അധ്യാപകരെ ഭീകരർ കൊലപ്പെടുത്തിയതായി സ്കൂൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി. പ്രധാന പ്രതിയായ അബ്ദുൽറസാഖ് ഉമർ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഭീകരർക്ക് ആശയവിനിമയ സഹായവും പരിശീലനവും നൽകിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.