ഓസ്‌ട്രേലിയയില്‍ ടെസ്‌ല കാര്‍ അപകടത്തില്‍പ്പെട്ട് തൃശൂര്‍ സ്വദേശിയ്ക്ക് ദാരുണാന്ത്യം; കുടുംബം എത്തിയത് രണ്ട് മാസം മുന്‍പ്

ഓസ്‌ട്രേലിയയില്‍ ടെസ്‌ല കാര്‍ അപകടത്തില്‍പ്പെട്ട് തൃശൂര്‍ സ്വദേശിയ്ക്ക് ദാരുണാന്ത്യം; കുടുംബം എത്തിയത് രണ്ട് മാസം മുന്‍പ്

ഒരുമിച്ചു ജീവിക്കാന്‍ സര്‍ക്കാര്‍ ജോലിയും ഉപേക്ഷിച്ചെത്തി, പ്രിയപ്പെട്ടവന്റെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി സിതാരയും മക്കളും

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയിലുണ്ടായ കാറപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ സ്വദേശിയായ ശരത് മോഹന്‍ദാസ് (37) ആണ് ക്വീന്‍സ്ലന്‍ഡിലെ ബ്രൂക്ക്വാട്ടറിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. ശരത് ഓടിച്ചിരുന്ന ടെസ്‌ല മോഡല്‍ വൈ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീപിടിക്കുകയായിരുന്നു. രണ്ട് മാസം മുന്‍പാണ് ശരതിന്റെ ഭാര്യയും മക്കളും നാട്ടില്‍ നിന്ന് ഓസ്‌ട്രേലിയയിലെത്തിയത്.

ജൂലൈ 19 ന് പുലര്‍ച്ചെ 1:30 ന് ബ്രൂക്ക്വാട്ടറിലെ അഗസ്റ്റ പാര്‍ക്ക്വേക്കും മാഗ്‌നോളിയ ഡ്രൈവിനും ഇടയിലുള്ള ജംഗ്ഷനിലായിരുന്നു അപകടം. ശരത് സഞ്ചരിച്ചിരുന്ന ടെസ്‌ല മോഡല്‍ വൈ കാര്‍ പെട്ടെന്ന് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ തീപിടിക്കുകയുമായിരുന്നു. കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തുവെച്ച് തന്നെ ശരത് മരണപ്പെട്ടു.

കേരളത്തിലായിരുന്ന ഭാര്യ സിതാര ശിവദാസനും പത്തും നാലും വയസുള്ള രണ്ട് ആണ്‍മക്കളും രണ്ട് മാസം മുന്‍പാണ് ഓസ്‌ട്രേലിയയില്‍ ശരതിന്റെ അടുത്തെത്തിയത്. കുടുംബത്തോടൊപ്പം ജീവിക്കാനായി സിതാര നാട്ടിലെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് മക്കളുമായി ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറിയത്. പുതിയ വാടക വീട്ടില്‍ കുടുംബമായി സമാധാനത്തോടെ ജീവിച്ച് തുടങ്ങുന്നതിനിടയിലാണ് പ്രിയപ്പെട്ടവരുടെ ലോകം തകിടം മറിച്ചുകൊണ്ട് ദുരന്തമെത്തിയത്.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ശരതിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.