എന്‍.ടി.എയില്‍ വന്‍ അഴിച്ചുപണി: 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു; പരീക്ഷാ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍

എന്‍.ടി.എയില്‍ വന്‍ അഴിച്ചുപണി: 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു; പരീക്ഷാ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ (എന്‍.ടി.എ) ശക്തമായ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഉള്‍പ്പെടെ 47 ഉദ്യോഗസ്ഥരെ ഏജന്‍സിയില്‍ നിന്ന് പിരിച്ചുവിട്ടു. എന്‍.ടി.എ നിലവില്‍ വന്നതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ അച്ചടക്ക നടപടിയും അഴിച്ചുപണിയുമാണിത്.

പുറത്താക്കപ്പെട്ട ചില ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും അച്ചടക്ക നടപടികള്‍ക്കും പുറമെ നിയമപരമായ ക്രിമിനല്‍ നടപടികളും സ്വീകരിച്ചേക്കുമെന്നാണ് വിവരം. കേവലം വ്യക്തിഗത മാറ്റങ്ങള്‍ക്കപ്പുറം എന്‍.ടി.എയുടെ ഭരണപരമായ ഘടനയിലും പ്രവര്‍ത്തന രീതിയിലും സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുത്താനാണ് ഭരണകൂടത്തിന്റെ നീക്കം. ദേശീയതലത്തിലുള്ള പരീക്ഷകളില്‍ സുതാര്യതയും സുരക്ഷയും പുനസ്ഥാപിക്കുക എന്നതിനാണ് സര്‍ക്കാര്‍ പ്രധാന പരിഗണന നല്‍കുന്നത്.

പരീക്ഷാ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നിര്‍ണായക നടപടി. ഇതിന്റെ തുടര്‍ച്ചയായി കൂടുതല്‍ സുരക്ഷിതവും അത്യാധുനികവുമായ പരീക്ഷാ സംവിധാനം ഒരുക്കാനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ചോദ്യപേപ്പര്‍ അച്ചടിയും പരീക്ഷാ കേന്ദ്രങ്ങളുടെ നടത്തിപ്പും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് പുറംകരാര്‍ നല്‍കുന്ന രീതിയില്‍ വലിയ നിയന്ത്രണങ്ങളും മാറ്റങ്ങളും വരും.

പരീക്ഷാ നടത്തിപ്പിലെ ഉത്തരവാദിത്വം വര്‍ധിപ്പിക്കാനും ചോദ്യ പേപ്പര്‍ ചോര്‍ച്ചയും സാങ്കേതിക പിഴവുകളും പൂര്‍ണമായി ഇല്ലാതാക്കാനും പുതിയ ക്രമീകരണങ്ങള്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നീറ്റ് യു.ജിക്ക് പുറമെ ജെ.ഇ.ഇ മെയിന്‍, സി.യു.ഇ.ടി തുടങ്ങി രാജ്യത്തെ ഇരുപതോളം പ്രധാനപ്പെട്ട ദേശീയതല പ്രവേശന പരീക്ഷകള്‍ നടത്തുന്നത് എന്‍.ടി.എ ആണ്. വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പുതിയ മാറ്റങ്ങള്‍ ഒരു മാസത്തിനകം തന്നെ പൂര്‍ണമായി നടപ്പിലാക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.