മാഡ്രിഡ്: ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ അതിതീവ്രമായി പടർന്നുപിടിക്കുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിലുമായി 2,67,000 ത്തിലധികം ആളുകളെയാണ് ഇതിനോടകം വീടുകളിൽ നിന്ന് ഒഴിപ്പിച്ചത്. സ്പെയിനിൽ ഈ മാസം കാട്ടുതീയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ 10 പേരെക്കൂടി കണ്ടെത്താനുണ്ടെന്നും അധികൃതർ അറിയിച്ചു.
മഡ്രിഡിന് സമീപമുണ്ടായ ഭീകരമായ കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ തീവ്രശ്രമം നടത്തിയെങ്കിലും ശക്തമായ കാറ്റ് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. നഗരത്തിന് പടിഞ്ഞാറുള്ള ആകാശം പൂർണ്ണമായും കറുത്ത പുകയാൽ മൂടപ്പെട്ടിരിക്കുകയാണ്.
തീ നിലവിൽ അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലാണെന്നും, ഇത് അണയ്ക്കുക എന്നത് അഗ്നിശമന സേനയുടെ നിലവിലെ ശേഷിക്കും അപ്പുറമാണെന്നും മഡ്രിഡിലെ അടിയന്തര രക്ഷാവിഭാഗം മേധാവി കാർലോസ് നോവില്ലോ വ്യക്തമാക്കി. മഡ്രിഡ് മേഖലയിൽ മാത്രം 10,000 ഹെക്ടറും സമീപത്തുള്ള ആവില പ്രവിശ്യയിൽ 13,000 മുതൽ 15,000 ഹെക്ടർ വരെ വനഭൂമിയുമാണ് ഇതിനകം കത്തിയമർന്നത്.
മനിസെസിലെ സാൾട്ട് ഡി എൽ ഐഗ്വ താഴ്‌വരയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. രണ്ട് വലിയ കാട്ടുതീകൾ കൂട്ടിച്ചേർന്ന് ഒന്നായി മാറിയിട്ടുണ്ടെന്നും ഇത് കസ്റ്റില്ല വൈ ലിയോൺ മേഖലയിലെ മറ്റ് തീപിടുത്തങ്ങളുമായി കൂടിച്ചേരാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വരും മണിക്കൂറുകളിൽ അവസ്ഥ കൂടുതൽ സങ്കീർണമാകാൻ സാധ്യതയുണ്ടെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി.
അതേസമയം ഫ്രാൻസിൽ അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. ബോർഡോ മേഖലയിലും പരിസര പ്രദേശങ്ങളിലുമുള്ള 1,97,000 ആളുകളെയാണ് ഭരണകൂടം മാറ്റിപ്പാർപ്പിച്ചത്. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കാപ് ഫെറെ പെനിൻസുലയിൽ നിന്ന് മാത്രം 44,000ത്തോളം പേർ പലായനം ചെയ്തു.
ഈ പ്രദേശത്ത് 50 ലധികം വീടുകൾ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. സുരക്ഷ മുൻനിർത്തി റോഡ്, റെയിൽ ഗതാഗതങ്ങൾ ഒഴിവാക്കണമെന്ന് ഫ്രഞ്ച് സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ ബോർഡോ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.