വടകര ലഹരികേസ്: പ്രതികളായ അധ്യാപികമാരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്; കാവ്യയുടെ പിരിച്ചുവിടല്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും

വടകര ലഹരികേസ്: പ്രതികളായ അധ്യാപികമാരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്; കാവ്യയുടെ പിരിച്ചുവിടല്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും

വടകര: കോഴിക്കോട് വടകരയില്‍ അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ ലഹരിമരുന്ന് ശൃംഖലയെക്കുറിച്ച് വിപുലമായ അന്വേഷണത്തിന് പൊലീസ് തുടക്കമിട്ടു. കേസില്‍ പിടിയിലായ മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ വിശദമായ ചോദ്യം ചെയ്യലിനായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം കോടതിയെ സമീപിക്കും.

റിമാന്‍ഡിലുള്ള ഇരു പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ ലഹരി റാക്കറ്റിലെ മറ്റ് പ്രധാന കണ്ണികളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

കേസിലെ രണ്ടാം പ്രതിയായ കാവ്യയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങും. പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് കേന്ദ്രത്തിലെ സ്‌പെഷ്യല്‍ എജ്യുക്കേറ്ററായിരുന്നു കാവ്യ. ഈ കേസില്‍ നേരത്തെ അറസ്റ്റിലായ കായിക അധ്യാപിക കീര്‍ത്തനയെ വിദ്യാഭ്യാസ വകുപ്പ് സര്‍വീസില്‍ നിന്ന് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.

അധ്യാപന ജോലി മറയാക്കി പ്രവര്‍ത്തിച്ചിരുന്ന സംഘത്തില്‍ കൂടുതല്‍ അധ്യാപകര്‍ക്കോ ജീവനക്കാര്‍ക്കോ പങ്കുണ്ടോയെന്ന കാര്യവും പൊലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. ലഹരി ഇടപാടുകള്‍ക്കായി ക്യൂആര്‍ കോഡുകള്‍ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ലഹരി മരുന്ന് ഒളിപ്പിച്ച സ്ഥലങ്ങളുടെ ലൊക്കേഷന്‍ ആവശ്യക്കാര്‍ക്ക് അയച്ചുകൊടുക്കുകയുമായിരുന്നു ഇവരുടെ രീതി. വടകരയില്‍ എംഡിഎംഎയുമായി പിടിക്കപ്പെട്ട യുവാവില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷന്‍ തൂഫാന്‍ അന്വേഷണത്തിലാണ് അധ്യാപികമാര്‍ ലഹരി വില്‍പനയുടെ പ്രധാന കണ്ണികളാണെന്ന് വെളിപ്പെട്ടത്.

ലഹരി വാങ്ങിയ ആളുകളുടെയും ബാങ്ക് അക്കൗണ്ടുകള്‍ വഴി തുക കൈമാറിയവരുടെയും വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ലഹരി സാമഗ്രികള്‍ എത്തിച്ച് നല്‍കിയിരുന്ന വന്‍കിട ഏജന്റുമാരെയും മറ്റ് ഇടനിലക്കാരെയും കണ്ടെത്താനുള്ള നീക്കങ്ങള്‍ പൊലീസ് കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.