അയ്യപ്പസംഗമം മുതല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വരെ പാളി; വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞില്ല; തോല്‍വിയുടെ കാരണങ്ങള്‍ വ്യക്തമാക്കി മുന്‍ സ്പീക്കര്‍

അയ്യപ്പസംഗമം മുതല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വരെ പാളി; വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞില്ല; തോല്‍വിയുടെ കാരണങ്ങള്‍ വ്യക്തമാക്കി മുന്‍ സ്പീക്കര്‍

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ വ്യക്തമാക്കി മുന്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളും അയ്യപ്പ സംഗമവും എല്ലാം പരാജയത്തിന് കാരണമായി. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയം പാളി. വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തെ പ്രതിരോധിക്കുന്നതില്‍ ശക്തിയുണ്ടായില്ല. മലപ്പുറം കാളികാവില്‍ കുഞ്ഞാലി രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ സംസാരിക്കവെയാണ് ഷംസീറിന്റെ തുറന്നു പറച്ചില്‍.

വലിയ വിജയ പ്രതീക്ഷയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരാടാനിറഞ്ഞിയ ഇടതുപക്ഷം വലിയ തിരിച്ചടിയാണ് നേരിട്ടത്. പാര്‍ട്ടിയുടെ അടിത്തട്ടില്‍ നിന്നുള്‍പ്പടെ വ്യാപക വിമര്‍ശനമാണ് ഇതിന് പിന്നാലെ നേതൃത്വത്തിന് എതിരെ ഉയര്‍ന്നത്. പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണം ഉണ്ടാകാതിരുന്നത് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് പറയുന്ന സിപിഎം കേന്ദ്രകമ്മിറ്റി അവലോകന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നേതാക്കള്‍ക്ക് പൊതുവേദികളില്‍ ജാഗ്രത കുറവ് ഉണ്ടായെന്നുള്‍പ്പടെയായിരുന്നു വിമര്‍ശനം.

പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനം ഇല്ലാത്തത് തോല്‍വിക്ക് കാരണമായി. നേതാക്കള്‍ക്ക് അഹങ്കാരം ആണെന്നും അഴിമതി നടത്തിയെന്നും വിമര്‍ശനം ഉയര്‍ന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറഞ്ഞില്ല. പിഎം ശ്രീയില്‍ എല്ലാ ഘടകക്ഷികളേയും വിശ്വാസത്തിലെടുക്കണമായിരുന്നു. ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടി വോട്ട് ഷെയര്‍ 2021 ല്‍ നിന്നും 2026 ലേക്ക് എത്തിയപ്പോള്‍ 25.38 ശതമാനത്തില്‍ നിന്നും 21.77 ശതമാനമായി കുറഞ്ഞു. കോണ്‍ഗ്രസ് വോട്ട് ഷെയര്‍ 25.12 ശതമാനത്തില്‍ നിന്നും 28.79 ശതമാനമായി ഉയര്‍ത്തി. നാല്‍പത് വര്‍ഷത്തിനിടെയാണ് സിപിഎം വോട്ടില്‍ ഇത്തരമൊരു കുറവ് ഉണ്ടാവുന്നതെന്നും ഇത് ഗുരുതര ആശങ്ക ഉണ്ടാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.