യു.കെയിലെ തുറമുഖങ്ങള്‍ക്കും ഇറ്റാലിയന്‍ വിമാനത്താവളത്തിനും പിന്നാലെ അദാനി: യൂറോപ്യന്‍ വിപണിയില്‍ വന്‍ നിക്ഷേപത്തിന് നീക്കം

യു.കെയിലെ തുറമുഖങ്ങള്‍ക്കും ഇറ്റാലിയന്‍ വിമാനത്താവളത്തിനും പിന്നാലെ അദാനി: യൂറോപ്യന്‍ വിപണിയില്‍ വന്‍ നിക്ഷേപത്തിന് നീക്കം

ലണ്ടന്‍: ആഗോള ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് സ്വാധീനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ് യൂറോപ്യന്‍ യൂണിയനില്‍ കൂറ്റന്‍ നിക്ഷേപങ്ങള്‍ക്ക് ഒരുങ്ങുന്നു. ബ്രിട്ടനിലെ ഏറ്റവും വലിയ തുറമുഖ ശൃംഖലയുടെ ഭൂരിഭാഗം ഓഹരികള്‍ സ്വന്തമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കെ, ഇറ്റലിയിലെ പ്രമുഖ വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശത്തിനായും അദാനി ഗ്രൂപ്പ് രംഗത്ത്.

യു.കെയിലെ കടല്‍ മാര്‍ഗമുള്ള ആകെ വ്യാപാരത്തിന്റെ 25 ശതമാനവും കൈകാര്യം ചെയ്യുന്ന അസോഷ്യേറ്റഡ് ബ്രിട്ടിഷ് പോര്‍ട്‌സിന്റെ (എബിപി) 63.9 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനാണ് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ പദ്ധതിയിടുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന 21 തന്ത്രപ്രധാന തുറമുഖങ്ങളാണ് എബിപിയുടെ നിയന്ത്രണത്തിലുള്ളത്. ഈ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഒരു ഇന്ത്യന്‍ കമ്പനി നടത്തുന്ന ഏറ്റവും വലിയ വിദേശ ഇന്‍ഫ്രാസ്ട്രക്ചര്‍ ഏറ്റെടുക്കലുകളിലൊന്നായി ഇത് മാറും.

ഇതിന് തൊട്ടുപിന്നാലെയാണ് ഇറ്റലിയിലെ അഞ്ചാമത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ കറ്റാനിയ എയര്‍പോര്‍ട്ടിന്റെ ഭൂരിഭാഗം ഓഹരികള്‍ കരസ്ഥമാക്കാന്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സ് ലേല രംഗത്തിറങ്ങിയത്. കുറഞ്ഞത് 51 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഈ സ്വകാര്യവല്‍ക്കരണ പദ്ധതിയില്‍, ലേല നടപടികളുടെ രണ്ടാം ഘട്ടത്തിലേക്ക് അദാനി യോഗ്യത നേടിയിട്ടുണ്ട്.

ഏകദേശം 6,500 കോടി രൂപ മൂല്യം കണക്കാക്കുന്ന കറ്റാനിയ വിമാനത്താവളത്തിനായി ഫ്രാന്‍സിലെ വാന്‍സീ എയര്‍പോര്‍ട്‌സ്, റോയല്‍ സ്‌കിഫോള്‍ ഗ്രൂപ്പ്, മക്വയറി ഫണ്ട് എന്നിവ ഉള്‍പ്പെടെയുള്ള ഒന്‍പത് മറ്റ് ആഗോള വമ്പന്മാരുമായാണ് അദാനി മത്സരിക്കുന്നത്.

ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളും മുംബൈ, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള എട്ടോളം വിമാനത്താവളങ്ങളും നിലവില്‍ അദാനി ഗ്രൂപ്പാണ് മാനേജ് ചെയ്യുന്നത്. ഇസ്രയേലിലെ ഹൈഫ തുറമുഖത്തിന് പുറമെ ശ്രീലങ്ക, ഓസ്‌ട്രേലിയ, ടാന്‍സാനിയ എന്നിവിടങ്ങളിലും സാന്നിധ്യമുള്ള അദാനിക്ക്, ഈ പുതിയ യൂറോപ്യന്‍ നീക്കങ്ങള്‍ വിജയിച്ചാല്‍ ആഗോള ഗതാഗത-ലോജിസ്റ്റിക്‌സ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ സാധിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.