ദുരന്ത ഭൂമിയായി മലയോരം: പരിക്കേറ്റ് വിശ്രമിച്ച യുവാവടക്കം മണ്ണിനടിയില്‍; വിറങ്ങലിച്ച് കോട്ടയവും ഇടുക്കിയും

ദുരന്ത ഭൂമിയായി മലയോരം: പരിക്കേറ്റ് വിശ്രമിച്ച യുവാവടക്കം മണ്ണിനടിയില്‍; വിറങ്ങലിച്ച് കോട്ടയവും ഇടുക്കിയും

അപകടത്തില്‍ മരിച്ച ജോസഫന്‍ മാതാപിതാക്കള്‍ക്കും സഹോദരികള്‍ക്കും ഒപ്പം (മണ്ണിനടയില്‍ അകപ്പെട്ട മാതാവിനായുള്ള തിരച്ചില്‍ തുടരുന്നു)

കോട്ടയം/ഇടുക്കി: മലയോര മേഖലകളെ വിറപ്പിച്ച് പെയ്തിറങ്ങിയ കനത്ത മഴയില്‍ ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും വ്യാപക നാശനഷ്ടം. അപ്രതീക്ഷിതമായി എത്തിയ ദുരന്തത്തില്‍ ജീവനുകള്‍ പൊലിയുകയും വീടുകള്‍ പൂര്‍ണമായി തകരുകയും ചെയ്തു. ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളിലാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വീശിയടിച്ചതെന്നത് നാടിനെ ഒന്നാകെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്.

അപകടത്തില്‍പ്പെട്ട കാലുമായി രക്ഷപ്പെടാനാവാതെ ജോസഫിന്‍

പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ മണപ്പാട് വീട്ടില്‍ വന്‍ ദുരന്തമാണ് വിതയ്ക്കപ്പെട്ടത്. ഒരു മാസം മുന്‍പ് ഈരാറ്റുപേട്ടയില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ കാലിന് പരിക്കേറ്റ് വീട്ടില്‍ വിശ്രമത്തിലായിരുന്ന ജോസഫിന്‍ ജോണി (24) ദുരന്ത സമയത്ത് ഓടിമാറാന്‍ പോലും കഴിയാതെ മണ്ണിനടിയിലാവുകയായിരുന്നു. ചൂണ്ടച്ചേരി എന്‍ജിനിയറിങ് കോളജ് കന്റീന്‍ ജീവനക്കാരനാണ് ജോസഫിന്‍. മാതാവ് റെജീനയും തകര്‍ന്ന വീട്ടിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്‌കൂളിലെ ജീവനക്കാരിയാണ് റെജീന. സ്‌കൂള്‍ ബസ് ഡ്രൈവറായ ഭര്‍ത്താവ് എം.ജെ ജോണി അപകട സമയത്ത് അടുത്ത വീട്ടിലായിരുന്നതിനാലും, മക്കളായ ജോമിറ്റും സോമിറ്റും വീട്ടില്‍ ഇല്ലാതിരുന്നതിനാലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇളയ പെണ്‍കുട്ടി സഹോദരിയുടെ വീട്ടിലേക്ക് പോയതും വലിയൊരു ദുരന്തത്തിന്റെ ആഘാതം കുറച്ചു. ഇടമല ഭാഗത്ത് നിന്നാണ് ഉരുള്‍പൊട്ടി എത്തിയത്. സാധാരണഗതിയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത പ്രദേശമായിരുന്നു ഇതെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

സുമതിയുടെ മൃതദേഹം അഞ്ഞൂറടി അകലെ; വാഗമണ്ണിലും ജീവന്‍ പൊലിഞ്ഞു

ഇടുക്കി അടൂര്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹം മണിക്കൂറുകള്‍ നീണ്ട പ്രകൃതിയോടുള്ള പോരാട്ടത്തിനൊടുവിലാണ് കണ്ടെടുത്തത്. ഇവര്‍ താമസിച്ചിരുന്ന വീട് നിന്നിരുന്ന സ്ഥലത്ത് നിന്നും ഏതാണ്ട് 500 അടിയോളം താഴെ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം പുറത്തെടുത്തത്. ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നിരുന്നു. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് രവിയെയും മകന്‍ രാജേഷിനെയും നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മറ്റൊരു ദുരന്തവാര്‍ത്തയെത്തിയത് വാഗമണ്‍ കോലാഹലമേട്ടില്‍ നിന്നാണ്. ലീലാമണിയുടെ വീടിന് മുകളിലേക്ക് വന്‍തോതില്‍ മണ്ണിടിഞ്ഞ് വീണു കുടുങ്ങി കിടന്നയാളുടെ മൃതദേഹം പുറത്തെടുത്തു. ലീലാമണിയുടെ ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ (72) ആണ് മരിച്ചത്. ദുരന്തമേഖലകളില്‍ പൊലീസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.