കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നൂറുകണക്കിന് ക്രൈസ്തവരുടെ ജീവനെടുത്ത ഭീകരാക്രമണ പരമ്പരയിൽ സുരക്ഷാ വീഴ്ച വരുത്തിയ ഉന്നത ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. മുൻ പൊലീസ് മേധാവി പൂജിത് ജയസുന്ദര, പ്രതിരോധ മന്ത്രാലയത്തിലെ മുൻ സെക്രട്ടറി ഹേമാസിരി ഫെർണാണ്ടോ എന്നിവർക്കാണ് കൊളംബോ ഹൈക്കോടതി വധശിക്ഷ വിധിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിട്ടും നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടത് വൻ ദുരന്തത്തിന് കാരണമായെന്ന് ജസ്റ്റിസുമാരായ പ്രിയന്ത ലിയനഗെ, തിലകരത്ന ബന്ദാര എന്നിവരടങ്ങിയ ബെഞ്ച് വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. പൗരന്മാരുടെ ജീവൻ സംരക്ഷിക്കുന്നതിലും പൊതുസുരക്ഷ ഉറപ്പാക്കുന്നതിലും ഇവർ പൂർണമായി പരാജയപ്പെട്ടു. ആക്രമണത്തിന് നേതൃത്വം നൽകിയത് രാജ്യത്തിന്റെ മുൻ ഇന്റലിജൻസ് തലവനാണെന്ന് ശ്രീലങ്കൻ പൊതുസുരക്ഷാ മന്ത്രി ആനന്ദ വിജേപാല അടുത്തിടെ പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നു.
2019 ഏപ്രിൽ 21 നാണ് ലോകത്തെ ഞെട്ടിച്ച ചാവേർ ആക്രമണങ്ങൾ നടന്നത്. ഈസ്റ്റർ ദിനാഘോഷത്തിനിടയിൽ രണ്ട് കത്തോലിക്ക ദേവാലയങ്ങൾ, ഒരു ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പള്ളി, മൂന്ന് പ്രമുഖ ഹോട്ടലുകൾ, ഒരു ഭവന സമുച്ചയം, അതിഥി മന്ദിരം എന്നിവ ലക്ഷ്യമിട്ട് തീവ്രവാദികൾ സ്‍ഫോടനങ്ങൾ പരമ്പര നടത്തുകയായിരുന്നു. ആക്രമണത്തിൽ വിദേശികൾ ഉൾപ്പെടെ 270 ലധികം പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഭീകരവാദത്തോട് ആഭിമുഖ്യമുള്ള 'നാഷണൽ തൗഹീദ് ജമാഅത്ത്' എന്ന സംഘടനയാണ് ഈ ചാവേർ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ മന്ദഗതിയിലാണെന്ന് ചൂണ്ടിക്കാട്ടി കത്തോലിക്ക സഭാനേതൃത്വം ഉൾപ്പെടെയുള്ളവർ നേരത്തെ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.