അതിതീവ്ര മഴ: ദുരിതബാധിതർക്ക് സഹായവുമായി പാലാ രൂപത; സ്ഥാപനങ്ങളും സ്കൂളുകളും തുറന്നു നൽകാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിർദേശം

അതിതീവ്ര മഴ: ദുരിതബാധിതർക്ക് സഹായവുമായി പാലാ രൂപത; സ്ഥാപനങ്ങളും സ്കൂളുകളും തുറന്നു നൽകാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിർദേശം

പാലാ: സംസ്ഥാനത്ത് അതിതീവ്ര മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തിൽ ദുരിതബാധിതർക്ക് സഹായവുമായി പാലാ രൂപത. ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തര അഭയം ഒരുക്കുന്നതിനായി രൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും സ്കൂളുകളും കോളജുകളും ഇടവകകളും സോഷ്യൽ വെൽഫെയർ സൊസൈറ്റികളും തുറന്നു നൽകാൻ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ തീരുമാനിച്ചു.

രൂപത കൂരിയായുടെയും ആലോചനസമിതിയുടെയും വിവിധ സമിതി ഭാരവാഹികളുടെയും ഓൺലൈൻ യോഗത്തിലാണ് ഈ നിർണായക തീരുമാനം എടുത്തത്. കൈപ്പള്ളി, പെരിങ്ങുളം, അടുക്കം, വാഗമൺ, കുടയത്തൂർ, മൂലമറ്റം, പയ്യാനിത്തോട്ടം, തീക്കോയി, പൂഞ്ഞാർ തുടങ്ങിയ പ്രദേശങ്ങളിലെ നാശനഷ്ടങ്ങളും പ്രത്യേക സാഹചര്യങ്ങളും യോഗം വിലയിരുത്തി.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ബന്ധപ്പെട്ട ഇടവകകളിലെ വികാരി അച്ചന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ ജോലി ചെയ്തിരുന്ന ജോസഫൈന്റെയും അമ്മയുടെയും നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

മുഖ്യവികാരി ജനറൽ റവ. ഫാ. ജോസഫ് തടത്തിൽ, വികാരി ജനറൽമാരായ റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, റവ. ഫാ. ജോസഫ് കണിയോടിക്കൽ, പ്രൊക്യൂറേറ്റർ റവ. ഫാ. ജോസ് മുത്തനാട്ട്, ചാൻസലർ റവ. ഫാ. ജോസഫ് കുറ്റിയാങ്കൽ, പ്രെസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. വി.പി. ദേവസ്യ, സെക്രട്ടറി അഡ്വ. സിജി ആന്റണി, ഫാ. ജെയിംസ് മംഗലത്തിൽ, അഡ്വ. സാം സണ്ണി ഓടയ്ക്കൽ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്കും സുരക്ഷിത താവളം ആവശ്യമുള്ളവർക്കും അടുത്തുള്ള ഇടവകകളുമായും രൂപതയുടെ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുമായും ബന്ധപ്പെടാവുന്നതാണെന്ന് രൂപത അധികൃതർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.