സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ ഏഴ് മരണം; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ ഏഴ് മരണം; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ 115 മി.മീ മുതൽ 204.4 മി.മീ വരെ അതിശക്തമായ മഴ ലഭിച്ചേക്കാമെന്നും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സാധ്യതയുള്ള മലയോര-താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

സംസ്ഥാനത്തുടനീളം 65 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,465 പേരെ മാറ്റിപ്പാർപ്പിച്ചു. ശക്തമായ മഴയിൽ 17 വീടുകൾ പൂർണ്ണമായും 127 വീടുകൾ ഭാഗികമായും തകർന്നു. ഇന്നലെയുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ആറു പേരെ കാണാതായിട്ടുമുണ്ട്. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചവർക്കും അർഹമായ ധനസഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

മോശം കാലാവസ്ഥയെ തുടർന്ന് ഇന്ന് നടത്താനിരുന്ന എസ്‌.ഇ.ടി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷകളും ഹയർ സെക്കൻഡറി തുല്യത പരീക്ഷകളും മാറ്റിവെച്ചു. കാസർകോട്, മലപ്പുറം, വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, കണ്ണൂർ, കോട്ടയം എന്നീ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവധി ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾ ഉൾപ്പെടെയുള്ള മതപഠന സ്ഥാപനങ്ങൾക്കും ബാധകമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.