മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ പല അധ്യാപകരുടെയും ക്ലാസുകൾ ഒഴിവാക്കി ഉഴപ്പി നടന്നാലും, മലയാളം ക്ലാസുകളിൽ പൊതുവേ അങ്ങനെ ആയിരുന്നില്ല. മാത്രമല്ല ക്ലാസിന് പുറത്തുള്ള വിദ്യാർത്ഥികളും മലയാളം ക്ലാസിന് വന്നു കൂടുമായിരുന്നു. മറ്റു ക്ലാസിലെ കുട്ടികളും കൂടി ഒന്നിച്ചു ചേരുമ്പോൾ ക്ലാസ് എപ്പോഴും വലിയ കൂട്ടമായിയിരിക്കും.
പക്ഷേ ഇതൊന്നും മാഷ് അറിയാറുമില്ല. പ്രൊഫസർ എം കെ സാനു എന്ന സാനു മാഷിന്റെ മഹാരാജാസ് കോളേജിലെ ക്ലാസിനെ പറ്റിയാണ് പറഞ്ഞുവന്നത്. വിദ്യാർത്ഥികൾക്ക് അത്ര ഇഷ്ടപ്പെട്ട അധ്യാപകനായിരുന്നു സാനു മാഷ്. വിദ്യാർത്ഥികളുടെ സ്നേഹം ഇത്രമാത്രം കവർന്നെടുത്ത മറ്റൊരധ്യാപകൻ കേരളത്തിൽ ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നു.
സാനു മാഷ് അധ്യാപകൻ മാത്രമായിരുന്നില്ല, കരുത്തുറ്റ പ്രഭാഷകനും, നിരൂപകനും, ചിന്തകനും, വിവർത്തകനും സാഹിത്യകാരനുമായിരുന്നു. 'അഞ്ചു ശാസ്ത്ര നായകന്മാർ' ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ കൃതി. 'നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്നാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവിതത്തെയും കവിതകളെയും അടിസ്ഥാനമാക്കി അദ്ദേഹത്തിന്റെ ജീവചരിത്ര ഗ്രന്ഥത്തിൽ ചങ്ങമ്പുഴയെ സാനു മാഷ് വിശേഷിപ്പിക്കുന്നത്. ചങ്ങമ്പുഴയെപ്പറ്റി മറ്റാരെഴുതിയതിലും ഒരു പടി മുന്നിലാണ് മാഷിന്റെ ഈ കൃതി.
അതുപോലെ ബഷീറിനെക്കുറിച്ച് ഏകാന്തവീഥിയിലെ അവധൂതനും പി. കെ ബാലകൃഷ്ണനെക്കുറിച്ച് ഉറങ്ങാത്ത മനീഷിയും ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സറെക്കുറിച്ച് അസ്തമിക്കാത്ത വെളിച്ചവുമെല്ലാം എഴുതിയപ്പോഴും സംഭവിച്ചത് അതുതന്നെയായിരുന്നു. ജീവചരിത്രശാഖയ്ക്ക് എംകെ സാനു നല്കിയ സംഭാവനകളുടെ മൂല്യത്തെക്കുറിച്ച് സാക്ഷാല്‍ എംടി തന്നെ സാക്ഷ്യപ്പെടുത്തിയതിങ്ങനെയാണ്. നാം അതുവരെ കാണുകയും കേള്‍ക്കുകയും ചെയ്തിരുന്ന ജീവചരിതങ്ങളെ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ സാനു മാസ്റ്റര്‍ക്ക് കഴിഞ്ഞതിലൂടെ ആ ജീവിതങ്ങള്‍ക്ക് തന്നെയാണ് വാഴ്ത്തലുകള്‍ ഉണ്ടായത്.
'കർമ്മഗതി എന്ന ആത്മകഥ ഉൾപ്പെടെ നിരവധി കൃതികളുടെ ഉടമയായ സാനു മാഷിനെ കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ തേടിയെത്തി. സാനു മാഷിന്റെ ജീവിതത്തെ ആസ്പദമാക്കി പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മോഹന്‍ ഒരു ഡോക്യുമെന്ററിയും ഒരുക്കിയിട്ടുണ്ട്. 'ജാലകങ്ങളിലെ സൂര്യന്‍' എന്നാണ് പേര്. സാനുമാഷിനെക്കുറിച്ച് ഡോ. എ അരവിന്ദാക്ഷന്‍ നടത്തിയ സമഗ്രപഠനത്തിന് മഹത്വത്തിന്റെ 'സങ്കീര്‍ത്തനം' എന്നാണ് പേര്.
'മനുഷ്യനായി തീരുക, അതിൽ പ്രത്യേകിച്ചും നല്ല മനുഷ്യനായി തീരുക എന്നതാണ് എന്റെ ലക്ഷ്യം'. 'ലോകത്തിൽ ഒരു മനുഷ്യനെങ്കിലും അടിമയായിരിക്കുന്നിടത്തോളം കാലം നാം ആരും സ്വതന്ത്രരല്ല'. 'ഒരു മനുഷ്യൻ എങ്കിലും പട്ടിണി കിടക്കുന്നവെങ്കിൽ ഇന്ത്യ സമൃദ്ധമല്ല'.
'ഒരു മനുഷ്യൻ എങ്കിലും വിചാരണ കൂടാതെ തടവിൽ കഴിഞ്ഞാൽ ആ രാഷ്ട്രം സ്വതന്ത്രമല്ല'. 'മറ്റുള്ളവർക്കു നമ്മിൽനിന്ന് ഉപകാരമില്ലെങ്കിൽ ജീവിതത്തിന് അർഥമില്ല'. 'മനസ്സിലെ അലിവാണു നമ്മളെ നമ്മളാക്കുക'. രാജ്യം പിടിച്ചടക്കുന്ന അലക്സാണ്ടറിനെ അല്ല, ലൗകിക സുഖങ്ങളിൽ നിന്നും ഓടിമാറുവാൻ രാജ്യം ഉപേക്ഷിച്ച ബുദ്ധനെയാണ് നമുക്കു വേണ്ടത് ' സാനു മാഷിന്റെ വാക്കുകൾ.
മഹാത്മാഗാന്ധിയെ അത്യധികം ബഹു മാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നുവെങ്കിലും ഒരു പൊടിക്കെങ്കിലും ഡോക്ടർ അംബേദ്കറിനെയാണ് സാനു മാഷിന് കൂടുതൽ പ്രിയം. അംബേദ്കറും മഹാത്മാഗാന്ധിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഖാദി നിർമ്മിച്ച് വസ്ത്രങ്ങൾ ധരിക്കുവാൻ ആഹ്വാനം ചെയ്ത ഗാന്ധിജി പക്ഷേ ബ്രിട്ടനിലും യൂറോപ്പിലും പോയി കോട്ടും പാന്റും ധരിച്ച് നമ്മുടെ ഭാഷ സംസാരിക്കാതെ ജീവിച്ചതിനോട് അംബേദ്കറിനു വിയോജിപ്പുണ്ടായിരുന്നു.
ഞങ്ങൾക്ക് ഇവിടെ ഒരു വർഗ്ഗമുണ്ട് ദളിത വർഗ്ഗം, ഗാന്ധിജി ഹരിജൻ എന്ന് ഓമനപ്പേരിട്ട് വിളിച്ച് വിഭാഗം. ബ്രിട്ടീഷുകാരുടെ ഭരണം കുറേനാൾ കൂടി വേണമെന്നായിരുന്നു അംബേദ്കറിന്റെ ആഗ്രഹം. കുമാരനാശാനും ഇതുതന്നെ ആഗ്രഹിച്ചിരുന്നു. സ്വാതന്ത്ര്യം തന്നെ അമൃതം എന്ന് എഴുതിയെങ്കിലും കുമാരനാശാനും സ്വാതന്ത്ര്യത്തിനു ശേഷമുള്ള കാലത്തെപ്പറ്റി ആശങ്കയുണ്ടായിരുന്നു. ദളിതനെ പട്ടിയെപ്പോലെയും പ്രാണിയെ പോലെയും കാണുകയും ചവിട്ടി അരക്കുകയും ചെയ്യുമ്പോൾ പരാതി കേൾക്കുവാൻ ബ്രിട്ടീഷുകാർ ഉണ്ടായിരുന്നു. ഇനി അതിന് മാറ്റം ഉണ്ടാകുമോ എന്ന സന്ദേഹമായിരുന്നു അംബേദ്കറിന്.
കേരളത്തിലെ മികച്ച മൂന്നു പ്രസംഗകരിൽ ഒരാളായാണ് കെ ബാലകൃഷ്ണൻ സാനു മാഷിനെ വിലയിരുത്തുന്നത്. ജോസഫ് മുണ്ടശ്ശേരിയും സുകുമാർ അഴീക്കോടുമാണ് മറ്റ് രണ്ടുപേർ. വിരോധാഭാസമെന്ന് പറയട്ടെ സാനു മാഷും സുകുമാർ അഴീക്കോടും തുടക്കത്തിൽ സുഹൃത്തുക്കൾ ആയിരുന്നുവെങ്കിലും പിന്നീട് ഇണക്കത്തിൽ അല്ലായിരുന്നു.
രണ്ടുപേരും ഇടതുപക്ഷ സഹയാത്രികരായിരുന്നെങ്കിലും വ്യത്യസ്ത ദ്രുവങ്ങളിലൂടെയാണ് സഞ്ചരിച്ചിരുന്നത്. വിമർശനങ്ങളിൽ അഴീക്കോട് വ്യക്തിപരമായി സംസാരിക്കുവെങ്കിൽ സാഹിത്യത്തെ മുൻനിർത്തി സൗമ്യതയോടെയുള്ള സംസാരമായിരുന്നു സാനു മാഷിന്റെ ശൈലി. സാംസ്കാരിക സംഘടനാ പ്രവർത്തനങ്ങളിലും ഇരുവരും ഇരുചേരിയിലായിരുന്നു.
ഒരിക്കൽ കോഴിക്കോട് വെച്ച് നടന്ന ഒരു സമ്മേളനത്തിൽ ഇരുവരും ക്ഷണിതാക്കൾ ആയിരുന്നു. സമ്മേളനത്തിൽ സാനു മാഷ് ഉണ്ടെന്നുള്ളത് അഴീക്കോട് അറിഞ്ഞിരുന്നില്ല. സാനു മാഷ് എത്തിയപ്പോൾ അഴീക്കോട് തിരിച്ചുപോകും എന്നായി. അവസാനം സമ്മേളനം നടക്കട്ടെ എന്ന് കരുതി സാനു മാഷ് അടുത്ത ട്രെയിനിൽ തിരിച്ചുപോയി. ശത്രുത വെച്ച് പുലർത്തുന്ന സ്വഭാവക്കാരനല്ല സാനു മാഷ്. അതുകൊണ്ടുതന്നെ അഴീക്കോടിന്റെ അന്ത്യകാലത്തിന് മുമ്പ് തന്നെ ഇവർ തമ്മിൽ രമ്യതയിലായി.
സുകുമാർ അഴീക്കോടും എഴുത്തുകാരി വിലാസിനിയും തമ്മിലുള്ള ബന്ധം രഹസ്യമായ പരസ്യമായിരുന്നല്ലോ. ഔദ്യോഗികമായ ഒരു പെണ്ണ് കാണൽ (വിലാസിനിയെ) ചടങ്ങലിന് സാനു മാഷും പങ്കാളിയായിരുന്നു. അവർ തമ്മിൽ വിവാഹമൊട്ടു നടന്നതുമില്ല. തുടർന്ന് വിലാസിനിയും സാനു മാഷിനോട് കാലങ്ങളോളം നിരസത്തിൽ കഴിഞ്ഞു. നടക്കാതെ പോയ വിവാഹത്തിന് അഴീക്കോടിന്റെ ബോധപൂർവ്വമായ കാലുമാറ്റം ആണെന്നായിരുന്നു സാനു മാഷിന്റെ ഇതേപ്പറ്റിയുള്ള സാക്ഷ്യം.
എന്നിരുന്നാലും അഴീക്കോടിനെ സമ്മതമാണെങ്കിൽ താൻ വന്നു പരിചരിക്കാം എന്ന് വിലാസിനി പറയുകയും അതും പ്രകാരം അരീക്കോടിന്റെ അന്ത്യകാലങ്ങളിൽ ആശുപത്രിയിൽ വിലാസിനി പരിചരിക്കുകയും ചെയ്തു. അഴീക്കോടിന്റെ മരണാസന്ന കാലത്ത് അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ച സാനു മാഷ്, അഴീക്കോടിനെ സ്നേഹസമ്പന്നനായ ഒരു മനുഷ്യനായി വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
ആജ്ഞാപനകൾ മാത്രം നടത്തിയിരുന്ന കുടുംബത്തിൽ മറ്റുള്ളവരോട് കരുണാമയനായി പെരുമാറിയിരുന്ന മനുഷ്യനാണ് സാനു മാഷ്. സമ്പന്ന കുടുംബത്തിൽ ജനിച്ചുവെങ്കിലും അച്ഛന്റെ മരണശേഷം അമ്മാവന്മാരുടെ മേൽനോട്ടത്തിൽ ആയിരുന്നു സാനു മാഷിന്റെ പഠിപ്പും ജീവിതവും. അതാവട്ടെ കൊടിയ ദാരിദ്ര്യത്തിലും.
എംസി കേശവന്റെയും കെ പി ഭവാനിയുടെയും മകനായി 1928 ഒക്ടോബർ 27ന് എം കെ സാനു ജനിച്ചു. ആലപ്പുഴയിലുള്ള തുമ്പോളിയായിരുന്നു ജന്മസ്ഥലം. രത്നമ്മ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. സീത, ഗീത, രേഖ, രഞ്ജിത്ത്, ഹാരിസ് എന്നീ അഞ്ചു മക്കളാണ് അവർക്കുള്ളത്.
ഇടതുപക്ഷ സഹായാത്രികനായിരുന്ന സാനു മാഷ് 1987 ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്നും ഇടത് സ്വതന്ത്രനായി മത്സരിച്ച് കോൺഗ്രസ് പാർട്ടിയിലെ എ എൽ ജേക്കബിനെ തോൽപ്പിച്ച് നിയമസഭയിലെത്തിയിരുന്നു.
2019 ൽ സാനു മാഷ് വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ അവാർഡ് സെലക്ഷൻ കമ്മറ്റിയുടെ ചെയർമാൻ സ്ഥാനം രാജി വെച്ചതിൽ ചില വിവാദങ്ങളുണ്ടായിരുന്നു. ആരോഗ്യപ്രശ്നമാണ് കാരണമെന്ന് രാജിക്കത്തിൽ പറഞ്ഞുവെങ്കിലും പുസ്തക തെരഞ്ഞെടുപ്പിൽ ഏറ്റവും താഴെ മാർക്ക് കിട്ടിയ പുസ്തകത്തിന് അവാർഡ് കൊടുക്കുവാൻ തന്നിൽ സമ്മർദ്ദം ഉണ്ടായതാണ് കാരണമെന്ന് അദേഹം പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.
പുതുതലമുറയിലെ പ്രശസ്ത എഴുത്തുകാരൻ വി ജെ ജയിംസ് എഴുതിയ 'നിരീശ്വരൻ' എന്ന പുസ്തകത്തിനായിരുന്നു കൂടുതൽ മാർക്ക് കിട്ടിയിരുന്നത്. സാനു മാഷ് രാജിവെച്ചിരുന്നെങ്കിലും 'നിരീശ്വരൻ' എന്ന പുസ്തകത്തിന് തന്നെയായിരുന്നു അവാർഡ് കൊടുത്തത്.
സ്കൂൾ അധ്യാപകനായി മൂന്നുവർഷത്തിന് മേൽ സേവനം ചെയ്തതിനുശേഷമാണ് എം എ ക്ക് പഠിക്കുന്നത്. എം എ ഒന്നാം റാങ്കോടെ പാസായതിനുശേഷം കൊല്ലം എസ് എൻ കോളേജിൽ ഒരു വർഷം അധ്യാപകനായിരുന്നു. പിന്നീടാണ് എറണാകുളം മഹാരാജാസ് കോളേജിലേക്ക് അധ്യാപകനായി രംഗ പ്രവേശനം ചെയ്യുന്നത്. തികഞ്ഞ നാരായണഗുരു ഭക്തനും കുമാരനാശാൻ ഭക്തനുമായിരുന്നു. രണ്ടുപേരുടെയും ആദർശങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ ഒരുപാട് പരിപോഷിപ്പിച്ചിട്ടുണ്ട്.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് 2025 ഓഗസ്റ്റ് രണ്ടിന് സാനു മാഷ് മലയാള മണ്ണിനോട് യാത്ര പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്താൽ വന്നുപോയ വിടവ് ഇന്നും അതേപോലെ തുടരുന്നു.