മോസ്‌കോയിലെ ഇറ്റാലിയന്‍ റസ്റ്റോറന്റിന് മുന്നില്‍ ചാവേര്‍ സ്‌ഫോടനം: മൂന്ന് പേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്

മോസ്‌കോയിലെ ഇറ്റാലിയന്‍ റസ്റ്റോറന്റിന് മുന്നില്‍ ചാവേര്‍ സ്‌ഫോടനം: മൂന്ന് പേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ പ്രമുഖ ഇറ്റാലിയന്‍ റസ്റ്റോറന്റിന് മുന്നിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരമാണ് തലസ്ഥാന നഗരിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്.

മോസ്‌കോയിലെ പ്രശസ്തമായ കുദ്രിന്‍സ്‌കയ സ്‌ക്വയറിലുള്ള ബാല്‍സി റോസി റസ്റ്റോറന്റിലേക്ക് സ്‌ഫോടകവസ്തുക്കളുമായി കടക്കാന്‍ ശ്രമിച്ച സ്ത്രീയാണ് കൊല്ലപ്പെട്ട ചാവേര്‍. കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ വെച്ച് ഇവരെ തടഞ്ഞ സെക്യൂരിറ്റി ഗാര്‍ഡും റസ്റ്റോറന്റിലുണ്ടായിരുന്ന ഒരാളുമാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍. ഒരു സ്വകാര്യ ചടങ്ങ് നടന്നിരുന്നതിനാല്‍ അസമയത്ത് അപരിചിതയായ സ്ത്രീയെ സെക്യൂരിറ്റി തടഞ്ഞതാണ് വന്‍ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.

സ്‌ഫോടനത്തിന് ഐഇഡി ആണ് ഉപയോഗിച്ചതെന്ന് റഷ്യയുടെ നാഷണല്‍ ആന്റി ടെററിസം കമ്മിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ പരിക്കേറ്റ 21 പേരില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. റഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റിയും സുരക്ഷാ സേനയും സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്ത് സമഗ്രമായ അന്വേഷണം ആരംഭിച്ചു.

ചാവേര്‍ എത്തിയപ്പോള്‍ ബോംബ് റിമോട്ട് കണ്‍ട്രോള്‍ വഴി ദൂരെ നിന്ന് പ്രവര്‍ത്തിപ്പിച്ചതാണോ അതോ തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാണോ എന്ന് പരിശോധിച്ച് വരികയാണ്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.