കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ വധിക്കാനും ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന സിജെപി പ്രതിഷേധത്തിനിടെ ക്രമസമാധാന നില തകര്‍ക്കാനും പദ്ധതിയിട്ട തീവ്രവാദ ശൃംഖലയെ എസ്ടിഎഫ് (സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ്) പിടികൂടി. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹമീം മൊണ്ടല്‍, ഇയാളുടെ കാമുകി അര്‍പ്പിത സര്‍ക്കാര്‍ എന്നിവരാണ് അറസ്റ്റിലായത്.
പൂര്‍വ ബര്‍ധമാന്‍ ജില്ലയില്‍ നിന്നാണ് ഹമീം പിടിയിലായതെങ്കില്‍, ജാര്‍ഖണ്ഡില്‍ നിന്നാണ് അര്‍പ്പിതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് യൂണിഫോം ധരിച്ച് ജന്തര്‍ മന്തറിലെ പ്രതിഷേധ സ്ഥലത്തേക്ക് നുഴഞ്ഞുകയറി വന്‍ പ്രക്ഷോഭം സൃഷ്ടിക്കുക എന്നതായിരുന്നു ഹമീമിന്റെ പ്രധാന ലക്ഷ്യമെന്ന് എസ്ടിഎഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഗൗരവ് ശര്‍മ വ്യക്തമാക്കി. ഇതിനുപുറമേ സുവേന്ദു അധികാരിയുടെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിച്ച്, അദേഹത്തിന് സുരക്ഷ കുറവുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ഇയാള്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് എസ്ടിഎഫ് കസ്റ്റഡിയില്‍ വിട്ടു. മന്ത്രി ഉമേഷ് റായിയുടെ മകനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുക്കാന്‍ ഇരുവരും നടത്തുന്ന ഗൂഢാലോചനയെക്കുറിച്ച് ലഭിച്ച പരാതിയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഹണിട്രാപ്പ് കേസിന്റെ അന്വേഷണത്തിനിടയില്‍ അര്‍പ്പിതയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വാട്‌സാപ്പ് ചാറ്റുകളും പരിശോധിച്ചപ്പോഴാണ് പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര ഭീകരബന്ധത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ ഹണിട്രാപ്പില്‍ കുടുക്കി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി ഹമീമിന് കൈമാറുന്നതായിരുന്നു അര്‍പ്പിതയുടെ രീതി.
അര്‍പ്പിതയില്‍ നിന്ന് ബ്രിട്ടന്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്ര സിം കാര്‍ഡുകളും അന്വേഷണ സംഘം കണ്ടെടുത്തു. സ്ലീപ്പര്‍ സെല്ലുകളുമായി സുരക്ഷിതമായി ആശയ വിനിമയം നടത്താനാണ് ഇത്തരം വിദേശ സിമ്മുകള്‍ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു. പാകിസ്ഥാനിലെ ഷഹ്‌സാദ് ഭട്ടി സംഘവുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. വിപുലമായ ഈ തീവ്രവാദ ശൃംഖലയുടെ യഥാര്‍ത്ഥ വ്യാപ്തി പുറത്തുകൊണ്ടുവരാനും സംഘത്തിലെ മറ്റ് കണ്ണികളെ കണ്ടെത്താനുമുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.