ന്യൂഡല്‍ഹി: വികസിത ഭാരതമെന്ന രാജ്യത്തിന്റെ മഹത്തായ ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ കായികമായും മാനസികമായും ആരോഗ്യമുള്ള യുവതലമുറ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച 'നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന്‍' എന്ന ക്യാംപെയ്‌ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം.
രാജ്യത്ത് ജെന്‍സി തലമുറയെ ലഹരിയുടെ കരങ്ങളില്‍ നിന്ന് മോചിപ്പിക്കാനും, ലഹരി മുക്ത സമൂഹത്തിന്റെ പ്രചാരകരായി അവരെ മാറ്റിയെടുക്കാനും ഈ പദ്ധതി വഴി സാധിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇത് യുവാക്കളുടെ മാത്രം ആവശ്യമല്ലെന്നും അവരുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആകെ നന്മയ്ക്കും ഉന്നമനത്തിനുമായി നടപ്പിലാക്കുന്ന സുപ്രധാന ചുവടുവയ്പ്പാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പൊതുപരീക്ഷാ സംവിധാനങ്ങളിലെ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം നടന്ന പശ്ചാത്തലത്തിലാണ് യുവാക്കളെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഈ പദ്ധതിയുടെ ഭാഗമായി 100 ആഴ്ച നീളുന്ന വിപുലമായ ജന്‍ ഭാഗിദാരി ജനപങ്കാളിത്ത ബോധവല്‍ക്കരണ പരിപാടികള്‍ രാജ്യത്തുടനീളം ആരംഭിച്ചിട്ടുണ്ട്. എല്ലാ ഞായറാഴ്ചകളിലും പൊതുജനങ്ങളെയും യുവാക്കളെയും ഒരുമിച്ച് അണിനിരത്തി കായിക മത്സരങ്ങള്‍, വാക്കത്തണുകള്‍, ധ്യാന പരിശീലനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, തെരുവുനാടകങ്ങള്‍, ചര്‍ച്ചകള്‍ എന്നിവ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും. കലയിലൂടെയും കായിക വിനോദങ്ങളിലൂടെയും ലഹരിക്കെതിരെയുള്ള ശക്തമായ ബോധവല്‍ക്കരണം സമൂഹത്തിന്റെ താഴെത്തട്ടില്‍ വരെ എത്തിക്കുകയാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ ലഹരിമുക്ത ഭാരതമെന്ന കാഴ്ചപ്പാടിന്റെ തുടര്‍ച്ചയായാണ് ഈ പുതിയ പദ്ധതിയും ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര കായിക-യുവജനകാര്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി.