ജെറുസലേം: ബൈബിൾ ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശിക്കൊണ്ട് ഇസ്രയേലിലെ ഹിപ്പോഡ്രോം നാഷണൽ പാർക്കിന് സമീപമുള്ള തീരദേശത്ത് നിന്ന് ബിസിഇ അഞ്ചാം നൂറ്റാണ്ടിലെ അപൂർവ വെള്ളി നാണയം കണ്ടെത്തി. ഇസ്രയേൽ ആന്റിക്വിറ്റീസ് അതോറിറ്റിയിലെ പുരാവസ്തു ഗവേഷകരാണ് പേർഷ്യൻ ഭരണകാലഘട്ടത്തിലുള്ള ഈ പുരാതന നാണയം തിരിച്ചറിഞ്ഞത്. വിശുദ്ധ നാടും മെഡിറ്ററേനിയൻ മേഖലയും തമ്മിൽ പുരാതന കാലത്തുണ്ടായിരുന്ന സമുദ്ര-വാണിജ്യ ബന്ധങ്ങളുടെ നിർണായക തെളിവുകൂടിയാണ് ഈ കണ്ടെത്തൽ.
ഇസ്രയേലിൽ ഇത്തരത്തിലുള്ള ഒരു നാണയം കണ്ടെത്തുന്നത് ചരിത്രത്തിൽാദ്യമായാണെന്ന് പുരാവസ്തു ഗവേഷകർ വ്യക്തമാക്കുന്നു. ബൈബിളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള യഹൂദന്മാരുടെ ബാബിലോണിയൻ പ്രവാസത്തിന് ശേഷമുള്ള പേർഷ്യൻ കാലഘട്ടത്തിലാണ് ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
പ്രാചീന സൈപ്രസിലെ ഇദാലിയോൺ എന്ന നഗര-രാജ്യത്തിൽ ബിസിഇ 480-നും 450-നും ഇടയിലാണ് ഈ നാണയം അച്ചടിച്ചതെന്ന് വിദഗ്ധ പരിശോധനയിൽ തെളിഞ്ഞു. നാണയത്തിന്റെ ഒരു വശത്ത് ഇരിപ്പിടത്തിലിരിക്കുന്ന ആടിന്റെ രൂപവും മറുവശത്ത് ഈജിപ്ഷ്യൻ പുരാണങ്ങളിലെ ജീവന്റെ ചിഹ്നമായ 'ആങ്ക്' അടയാളത്തോടൊപ്പം പ്രാചീന ഫൊനീഷ്യൻ അക്ഷരങ്ങളും കൊത്തിവച്ചിട്ടുണ്ട്. പേർഷ്യൻ ഭരണകാലത്ത് സൈപ്രസിലെ തുറമുഖ നഗരങ്ങളും വിശുദ്ധ നാടും തമ്മിൽ ശക്തമായ സമുദ്ര-വാണിജ്യ ബന്ധങ്ങൾ നിലനിന്നിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ നാണയം.
ഹൈഫയ്ക്ക് തെക്കുള്ള പാൽമാഹിം ബീച്ചിൽ കുടുംബത്തോടൊപ്പം നടക്കാനിറങ്ങിയ ഡോർ ലീവി എന്ന യുവാവാണ് കടൽത്തീരത്തെ മണ്ണിൽ കിടന്ന ഈ അപൂർവ നിധി ആദ്യം കണ്ടെത്തിയത്. തിളങ്ങുന്ന ഈ പുരാവസ്തു കണ്ട ഉടൻ തന്നെ അദേഹം അത് സ്വന്തമായി സൂക്ഷിക്കാതെ ഇസ്രയേൽ ആന്റിക്വിറ്റീസ് അതോറിറ്റിയെ ഏൽപ്പിക്കുകയായിരുന്നു. മാതൃകാപരമായ ഈ പ്രവൃത്തിക്ക് അതോറിറ്റി അദേഹത്തിന് പ്രത്യേക 'ഗുഡ് സിറ്റിസൺഷിപ്പ്' സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
നാണയം കണ്ടെത്തിയ പ്രദേശത്ത് കൂടുതൽ പുരാവസ്തു പര്യവേക്ഷണങ്ങൾ നടത്താൻ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ബൈബിൾ കാലഘട്ടത്തിലെ ചരിത്രശേഷിപ്പുകളിലേക്ക് വെളിച്ചം വീശുന്ന ഈ അപൂർവ നാണയം താമസിയാതെ ഔദ്യോഗികമായി പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും.