ഗുസ്തി താരങ്ങള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസ്: ബിജെപി നേതാവ് ബ്രിജ് ഭൂഷണെ വെറുതെ വിട്ടു

ഗുസ്തി താരങ്ങള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസ്: ബിജെപി നേതാവ് ബ്രിജ് ഭൂഷണെ വെറുതെ വിട്ടു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികപീഡന കേസില്‍ മുന്‍ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെയും കൂട്ടുപ്രതി വിനോദ് തോമറിനെയും വിചാരണ കോടതി വെറുതെ വിട്ടു.

കേസിലെ ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടര്‍ന്നാണ് വിചാരണ കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയത്.

ബഹുമാനപ്പെട്ട കോടതി കുറ്റവിമുക്തനാക്കി എന്ന് വിധി വന്നതിന് പിന്നാലെ ബ്രിജ് ഭൂഷണ്‍പറഞ്ഞു. 'എനിക്കെതിരെ ആരോപണം തെളിയിക്കപ്പെട്ടാല്‍ തൂങ്ങി മരിക്കാന്‍ തയ്യാറാണെന്ന് ആരോപണം ഉയര്‍ന്ന ദിവസം തന്നെ ഞാന്‍ പറഞ്ഞിരുന്നു. സംഭവിച്ചതെല്ലാം കഴിഞ്ഞു' - അദ്ദേഹം പ്രതികരിച്ചു.

ആറ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗികപീഡന ആരോപണം ഉന്നയിച്ചത്. തുടക്കത്തില്‍ കേസെടുക്കാന്‍ തയ്യാറാകാതിരുന്ന ഡല്‍ഹി പൊലീസ് 2023 ല്‍ രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങള്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് കേസെടുത്തത്.

ഗുസ്തി ഫെഡറേഷന്‍ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെതിരെ പ്രേരണാകുറ്റവും ചുമത്തിയിരുന്നു. കേസില്‍ മുന്‍പ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.

2016 നും 2019 നും ഇടയില്‍ ഗുസ്തി ഫെഡറേഷന്‍ ഓഫീസിലും ഔദ്യോഗിക വസതിയിലും വിദേശത്തും വച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്നായിരുന്നു പരാതി. എന്നാല്‍ ആരോപണങ്ങള്‍ വ്യാജമാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.