തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയില്‍ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വന്‍ നാശനഷ്ടം സംഭവിച്ചതായി കെ.എസ്.ഇ.ബി. പ്രാഥമിക കണക്കുകള്‍ പ്രകാരം 25.43 കോടി രൂപയുടെ നഷ്ടമാണ് ബോര്‍ഡിനുണ്ടായിട്ടുള്ളത്. കനത്ത കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണും മരച്ചില്ലകള്‍ പൊട്ടിവീണും പോസ്റ്റുകളും ലൈനുകളും തകര്‍ന്നതാണ് വൈദ്യുതി വിതരണം പൂര്‍ണമായും താറുമാറാക്കിയത്.
ഓഗസ്റ്റ് മൂന്ന് വൈകുന്നേരം നാല് വരെയുള്ള കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്തൊട്ടാകെ 2,892 ട്രാന്‍സ്ഫോര്‍മറുകളുടെ പ്രവര്‍ത്തനം മഴക്കെടുതിയില്‍ തടസപ്പെട്ടു. ഇതോടെ 6,56,770 ഉപയോക്താക്കള്‍ക്കാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. കനത്ത കാറ്റില്‍ 349 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 2,599 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു വീണു. കൂടാതെ 248 കേന്ദ്രങ്ങളില്‍ ഹൈ ടെന്‍ഷന്‍ ലൈനുകളും 7,212 ഇടങ്ങളില്‍ ലോ ടെന്‍ഷന്‍ ലൈനുകളും പൊട്ടിവീണിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ 233 ട്രാന്‍സ്ഫോര്‍മറുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായ അവസ്ഥയിലാണ്.
കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലെ ഉപയോക്താക്കളെയാണ് കനത്ത മഴയും വൈദ്യുതി തകരാറും ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്. ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നതാണ് അറ്റകുറ്റപ്പണികള്‍ക്ക് പ്രധാന തടസമാകുന്നത്. പ്രളയജലം പൂര്‍ണമായും ഇറങ്ങിയതിന് ശേഷം മാത്രമായിരിക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച് ഈ പ്രദേശങ്ങളില്‍ വൈദ്യുതി പുനസ്ഥാപിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന വ്യാപകമായി ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായും വേഗത്തിലും ഏകോപിപ്പിക്കുന്നതിനായി സര്‍ക്കിള്‍ തലങ്ങളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യത്തിലും ജീവനക്കാര്‍ രംഗത്തുണ്ടെന്നും നിലവിലെ പ്രയാസങ്ങളില്‍ പൊതുജനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണെന്നും കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചു.