സംസ്ഥാനത്ത് സ്ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കും; ആദ്യ പദ്ധതി പത്തനംതിട്ടയില്‍: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കും; ആദ്യ പദ്ധതി പത്തനംതിട്ടയില്‍:  പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

റാന്നി: കേരളത്തില്‍ എല്ലാ വര്‍ഷവും പ്രളയം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സ്ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ആദ്യ പദ്ധതി പത്തനംതിട്ടയില്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി ക്യാമ്പുകളിലെത്തി ദുരിത ബാധിതരെയും കണ്ടു.

ജില്ലയില്‍ 133 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 6400 ല്‍ കൂടുതല്‍ ആളുകള്‍ ക്യാമ്പില്‍ ഉണ്ട്. തിരുവല്ല ഭാഗത്താണ് കൂടുതല്‍ ക്യാമ്പുകള്‍ ഉള്ളത്. വെള്ളം ഇറങ്ങാത്തതും ആ ഭാഗത്താണ്. ജില്ലാ ഭരണകൂടത്തിന് പൂര്‍ണഅധികാരം നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണത്തിന് എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാം. ക്യാമ്പുകളില്‍ ഭക്ഷണം ഏറ്റവും നല്ല രീതിയില്‍ നല്‍കണം. ടോയ്ലറ്റ് ഇല്ലാത്ത സ്ഥലങ്ങളില്‍ ബയോ ടോയ്ലറ്റ് സംവിധാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്നറിയിപ്പ് ലഭിച്ച് അല്‍പസമയത്തിനുള്ളില്‍ തന്നെ വലിയ മഴ പെയ്യുന്ന സാഹചര്യമാണുള്ളത്. വനത്തിനകത്ത് മണ്ണിടിച്ചില്‍ ഉണ്ടായി. അതുകൊണ്ടാണ് വെള്ളം കയറിയത്. ഇത് വനംവകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ അടിയന്തര നടപടി ഉണ്ടാകും.

അതിഥി തൊഴിലാളികളും വലിയ ദുരിതം അനുഭവിക്കുന്നുണ്ട്. അവര്‍ക്കും ഭക്ഷണം നല്‍കാന്‍ സംവിധാനമുണ്ടാക്കും. എത്ര ഉദ്യോഗസ്ഥരെ വേണമെങ്കിലും നിയോഗിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.