ന്യൂഡല്‍ഹി: കോടതി ഉത്തരവില്ലാതെ വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുന്ന ബാങ്കേഴ്സ് ബുക്ക് എവിഡന്‍സ് ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കും ബഹളത്തിനുമിടെ ശബ്ദ വോട്ടോടെയാണ് ബില്‍ സഭയുടെ കടമ്പ കടന്നത്.
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്ക് അനുസൃതമായി ബാങ്കിങ് തെളിവ് നിയമം പരിഷ്‌കരിക്കാനും ഡിജിറ്റല്‍ രേഖകള്‍ക്ക് നിയമസാധുത ഉറപ്പാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമ നിര്‍മാണം നടത്തിയത്. 1891 ലെ കൊളോണിയല്‍ കാലത്തെ ബാങ്കേഴ്സ് ബുക്ക് എവിഡന്‍സ് ആക്റ്റിന് പകരമായാണ് പുതിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അന്വേഷണത്തിന്റെ ഭാഗമായി എസ്പി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന മറ്റ് അതോറിറ്റികള്‍ക്കും കോടതിയുടെ മുന്‍കൂര്‍ ഉത്തരവില്ലാതെ തന്നെ ബാങ്ക് രേഖകള്‍ പരിശോധിച്ച് തെളിവായി ശേഖരിക്കാന്‍ സാധിക്കും.
നിലവിലെ നിയമപ്രകാരം ഇത്തരം രേഖകള്‍ പരിശോധിക്കാന്‍ കോടതി ഉത്തരവ് നിര്‍ബന്ധമായിരുന്നു. പരമ്പരാഗത രീതിയിലുള്ള ലെഡ്ജറുകള്‍, ഡേ-ബുക്കുകള്‍, ക്യാഷ് ബുക്കുകള്‍ എന്നിവയ്ക്ക് പുറമേ കമ്പ്യൂട്ടറുകളിലും ഡിജിറ്റല്‍ അല്ലെങ്കില്‍ ക്ലൗഡ് സ്റ്റോറേജുകളിലും വെര്‍ച്വല്‍ ലോക്കേഷനുകളിലും സൂക്ഷിച്ചിട്ടുള്ള സര്‍വ വിവരങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. ഇലക്ട്രോണിക് സംവിധാനത്തില്‍ സൂക്ഷിച്ചിട്ടുള്ള അക്കൗണ്ട് വിവരങ്ങളും ഇടപാടുകളുടെ വിവരങ്ങളും കേസ് അന്വേഷണങ്ങളില്‍ തെളിവുകളായി ഇനി എളുപ്പത്തില്‍ ഉപയോഗിക്കാന്‍ ഇതിലൂടെ സാധിക്കും.
അതേസമയം പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നിയമത്തെ ശക്തമായി എതിര്‍ത്തു. എന്നാല്‍ ഡിജിറ്റല്‍ ബാങ്കിങ് ശക്തമായ കാലഘട്ടത്തില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളും തട്ടിപ്പുകളും വേഗത്തില്‍ അന്വേഷിക്കാനും നീതിന്യായ വ്യവസ്ഥയ്ക്ക് ആവശ്യമായ തെളിവുകള്‍ തടസമില്ലാതെ ലഭ്യമാക്കാനും പുതിയ നിയമം അനിവാര്യമാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.