ന്യൂഡല്‍ഹി: വിദേശസംഭാവനാ നിയന്ത്രണ നിയമത്തിലെ (എഫ്.സി.ആര്‍.എ) പുതിയ ഭേദഗതികള്‍ക്കെതിരെ രാജ്യത്തുടനീളം ആശങ്ക ശക്തമാകുന്നു. കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും മിസോറം മുഖ്യമന്ത്രി ലാല്‍ ദുഹോമയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അടിയന്തര കൂടിക്കാഴ്ച നടത്തി.
ആസ്തികള്‍ കണ്ടുകെട്ടല്‍ ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങിയ ബില്‍ പിന്‍വലിക്കണമെന്നോ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടണമെന്നോ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും, വിദേശ ഫണ്ടുകളിന്മേല്‍ കര്‍ശന നിരീക്ഷണം തുടരുമെന്ന നിലപാടിലാണ് കേന്ദ്രം. നടപ്പു വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതിന് തലേന്ന്, അതായത് ഓഗസ്റ്റ് 12 ന് ലോക്സഭയിലും രാജ്യസഭയിലും ഒരുമിച്ച് ബില്‍ കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ നീക്കം.
എഫ്.സി.ആര്‍.എ ലൈസന്‍സ് പുതുക്കാത്തതോ റദ്ദാക്കപ്പെട്ടതോ ആയ സ്ഥാപനങ്ങളുടെ ആസ്തികള്‍ കണ്ടുകെട്ടുന്നതില്‍ മുന്‍കാല പ്രാബല്യം ഒഴിവാക്കാമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പ് നല്‍കിയെങ്കിലും അത് പ്രായോഗികമായ ആശ്വാസം നല്‍കില്ലെന്ന് സഭാ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹി ആര്‍ച്ച്ബിഷപ്പ് അനില്‍ കൂട്ടോ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ സംഘം തങ്ങളുടെ നിലപാട് വ്യക്തമായി മന്ത്രിയെ അറിയിച്ചെങ്കിലും നിലവിലെ നിലപാടില്‍ നിന്ന് പിന്മാറാന്‍ ആഭ്യന്തര മന്ത്രാലയം തയാറായിട്ടില്ല.
ബില്ലിലെ 14 ബി, 16 എ, 16 ബി എന്നി വകുപ്പുകളാണ് സര്‍ക്കാരിതര സംഘടനകള്‍ക്കും സഭകള്‍ക്കും വലിയ ആശങ്ക സൃഷ്ടിക്കുന്നത്. ലൈസന്‍സ് കാലാവധി കഴിയുകയോ പുതുക്കപ്പെടാതിരിക്കുകയോ ചെയ്താല്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദേശ സംഭാവന ഉപയോഗിച്ച് സ്ഥാപിച്ച സ്‌കൂളുകള്‍, ആശുപത്രികള്‍, ആശ്വാസ കേന്ദ്രങ്ങള്‍ എന്നിവ പൂര്‍ണമായി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ ഈ വ്യവസ്ഥകള്‍ വഴിവെക്കും. വിദേശ ഫണ്ട് സ്വീകരിക്കുന്നത് അവസാനിപ്പിച്ച് നിലവില്‍ ആഭ്യന്തര ധനസഹായം കൊണ്ട് മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പോലും പുതിയ നിയമത്തിന്റെ പരിധിയില്‍ വരുമെന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
അതിനിടെ മണ്ഡല പുനര്‍വിഭജന ബില്ലിനായി ഓഗസ്റ്റ് 13 ന് ശേഷം പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരുമെന്ന പ്രചാരണങ്ങള്‍ കേന്ദ്രം തള്ളി. ഇതിനിടയില്‍ വിദേശ സഹായങ്ങള്‍ ഇനിമുതല്‍ സര്‍ക്കാരിതര സംഘടനകള്‍ വഴി വിതരണം ചെയ്യില്ലെന്നും പങ്കാളിത്ത രാജ്യങ്ങള്‍ക്ക് നേരിട്ട് കൈമാറുമെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രഖ്യാപിച്ചത് ആഗോള തലത്തിലെ പുതിയ ഫണ്ടിങ് നയമാറ്റത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.